വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കല്‍പറ്റയിൽ നിന്നും ചൂരൽമലയിലേക്ക് പുറപ്പെട്ടത്.
പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കല്‍പ്പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിൽ ഹെലികോപ്ടര്‍ ഇറങ്ങിയത്. രണ്ടു ഹെലികോപ്ടറുകളാണ് കല്‍പ്പറ്റയിലെ ഹെലിപാഡിലിറങ്ങിയത്. തുടര്‍ന്ന് 12.25ഓടെയാണ് റോഡ് മാര്‍ഗം കല്‍പ്പറ്റയിൽ നിന്ന് ചൂരൽമലയിലേക്ക് പുറപ്പെട്ടത്. കല്‍പറ്റയില്‍ നിന്ന് മേപ്പാടി വഴി 18 കിലോമീറ്ററാണ് ചൂരൽമലയിലേക്കുള്ളത്. വൈകിട്ട് മൂന്നു മണി വരെ പ്രധാനമന്ത്രി ദുരന്തമേഖലയില്‍ തുടരും.