• Sat. Oct 5th, 2024
Top Tags

അർജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിൽ സമരമിരിക്കും; ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം

Bynewsdesk

Aug 12, 2024

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നതിൽ ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന്‍റെ കുടുംബം. രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ പറഞ്ഞു. ഇന്ന് വൈകിട്ട് താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും ജിതിൻ പറഞ്ഞു.

ഇനിയും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ അര്‍ജുന്‍റെ ഭാര്യയും അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഷിരൂരിലേക്ക് പോകാനാണ് തീരുമാനം. ഇനിയും ഈ അനാസ്ഥ കണ്ടുനില്‍ക്കാനാകില്ല. രണ്ട് നോട്ടിന്‍റെയും മൂന്ന് നോട്ടിന്‍റെയും കാരണം പറഞ്ഞ് തെരച്ചിൽ വൈകിപ്പിക്കുകാണ്. ഈശ്വര്‍ മല്‍പെയെ ഞങ്ങള്‍ നിര്‍ബന്ധിച്ചിട്ടില്ല. അദ്ദേഹം സ്വമേധയാ തെരച്ചില്‍ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പൊലീസോ അനുമതി നല്‍കുന്നില്ല. കാലാവസ്ഥ അനുകൂലമാണിപ്പോള്‍. അടിയൊഴുക്കും കുറഞ്ഞു. എന്നിട്ടും ഈശ്വര്‍ മല്‍പെയെ ഗംഗാവലി പുഴയില്‍ ഇറങ്ങാൻ സമ്മതിക്കുന്നില്ല. എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് മനസിലാകുന്നില്ല. അര്‍ജുന് പകരം വെറെ ഏതേലും മന്ത്രി പുത്രന്മാര്‍ ആരെങ്കിലും ആയിരുന്നെങ്കില്‍ ഇങ്ങനെ ഒരു അവസ്ഥയുണ്ടാകില്ല.

ഇന്നലെ  വൈകിട്ട് വരെ ജലനിരപ്പ് ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു. പുഴയില്‍ തെരച്ചില്‍ നടത്താതെയാണ് നേരത്തെ തെരച്ചില്‍ നിര്‍ത്തിയത്. ഡ്രച്ചര്‍ കൊണ്ടുവരാനുള്ള നടപടിയും ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ തെറ്റിദ്ധാരണ പരത്തുകയാണ്. കഴിഞ്ഞ നാലു ദിവസമായി മഴയില്ലെന്ന് പറഞ്ഞിട്ടും കാലാവസ്ഥ അനുകൂലമല്ലെന്ന് എങ്ങനെയാണ് ഉപമുഖ്യമന്ത്രി പറയുന്നതെന്ന് മനസിലാകുന്നില്ല. നാല് നോട്ട് ആയാല്‍ സേനയെ ഇറക്കാമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ പറയുന്നു രണ്ട് നോട്ട് ആയാലെ തെരച്ചില്‍ ആരംഭിക്കാനാകുവെന്ന്. പരസ്പരം യാതൊരു  ഏകോപനുമില്ല. വൈരുധ്യമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ജിതിൻ ആരോപിച്ചു.

തെരെച്ചിൽ വൈകിയാൽ കുടുംബം ഷിരൂരിൽ എത്തി പ്രതിഷേധം തുടങ്ങാനാണ് തീരുമാനം. അർജുന്റെ അമ്മ ഉൾപ്പെടെ ഷിരൂരിൽ എത്തും. ഇപ്പോൾ അനുയോജ്യമായ കാലാവസ്ഥയാണ് ഷിരൂരിലുള്ളത്. പുഴയുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നിട്ടും തെരെച്ചിൽ തുടങ്ങാത്തത് എന്ത് കൊണ്ടാണെന്ന് അറിയില്ല. വയനാട് ദുരന്തം ഉണ്ടായതിനാൽ സംസ്ഥാന സർക്കാരിന്‍റെ ഇടപെടലിൽ അല്പം മന്ദഗതി ഉണ്ടായി. ഇപ്പോൾ സർക്കാർ വീണ്ടും സജീവമായി ഇടപെടുന്നുണ്ടെന്നും ജിതിൻ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *