വയനാട് ഉരുള്‍പൊട്ടലില്‍ പ്രാഥമിക കണക്ക് പ്രകാരം 1,200 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. 1,555 വീടുകള്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായെന്നും ഹൈക്കോടതി സ്വമേധയായെടുത്ത ഹര്‍ജിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് വിശദീകരിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ദുരന്തത്തില്‍ 231 മരണം സ്ഥിരീകരിച്ചു. 178 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിരിച്ചറിയാനാവാത്ത 53 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. 212 ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 128 പേരെ ഇനിയും കണ്ടെത്താനുണ്ട്.
പ്രാഥമിക വിവരമാണിത്. വിശദ റിപ്പോര്‍ട്ട് പിന്നീട് നല്‍കും. ദുരന്തത്തിന്റെ കാരണത്തെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ എ.ജി. വിശദീകരണത്തിന് സമയംതേടി.
പുനരധിവാസമടക്കമുള്ള കാര്യങ്ങള്‍ക്ക് സ്വീകരിച്ച നടപടി ഒരോ ആഴ്ചയിലും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ വെള്ളിയാഴ്ചയും ആദ്യകേസായി പരിഗണിക്കും. പ്രത്യേക മേഖലയില്‍ അസാധാരണമായി മഴ പെയ്യുമ്പോള്‍ പ്രദേശത്തുള്ളവരെ മാറ്റുന്നതടക്കമുള്ള നടപടി ഉണ്ടാകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
മഴ മാറുന്നതോടെ വയനാടിന് പുറത്തുള്ള മേഖലയിലെ പ്രശ്‌നങ്ങളും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം, ദേശീയപാതാ അതോറിറ്റി, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ എന്നിവരെയും കേസില്‍ കക്ഷിയാക്കി.
പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും താമസം അഭികാമ്യമല്ല -വിദഗ്ധസമിതി
കല്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലുമെല്ലാം ഇനിയുള്ള താമസം അഭികാമ്യമാകില്ലെന്ന് സംസ്ഥാനസമിതി നിയോഗിച്ച വിദഗ്ധസമിതി. ചുരുക്കം ഇടങ്ങള്‍ മാത്രമാണ് സുരക്ഷിതമെന്നു കണ്ടെത്തിയിട്ടുള്ളത്. ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയിലാണ് ഈ ഗ്രാമങ്ങളുള്ളത്. മുന്‍പും ഇവിടെ ഉരുള്‍പൊട്ടിയിട്ടുണ്ട്. വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിച്ച ഇടങ്ങളില്‍ പെട്ടന്നുതന്നെ മറ്റൊരു ഉരുള്‍ദുരന്തത്തിന് സാധ്യതയില്ല. എങ്കിലും ആ മണ്ണ് സ്ഥിരതസ്വഭാവം വീണ്ടെടുക്കുന്നതുവരെ ഇത്തരം സ്ഥലങ്ങളിലുള്ള താമസം ഒഴിവാക്കുന്നതാണ് നല്ലതെന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായി പറഞ്ഞു.
വിദഗ്ധസമിതി പത്തുദിവസത്തിനകം സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന മേഖല, ഭാഗികമായി തകര്‍ന്ന മേഖല, വീടുകളുണ്ടെങ്കിലും സുരക്ഷിതമല്ലാത്ത സ്ഥലം, വീടും സ്ഥലവും സുരക്ഷിതവും താമസത്തിന് അനുയോജ്യവും എന്നിങ്ങനെ നാലായി മേഖലയെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് മാപ്പും വിദഗ്ധസമിതി തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശികമായ സര്‍വേനടത്തി ഏതെല്ലാം വീടുകള്‍ സുരക്ഷിതമായമേഖലയില്‍ ഉള്‍പ്പെടുമെന്ന് പരിശോധിച്ചേ താമസം അനുവദിക്കൂ. പ്രദേശത്ത് അഭികാമ്യമായ ഭൂവിനിയോഗം സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ വേണം.