ദുരന്തത്തില്‍ 179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളില്‍ നിന്ന് 65 പേരാണ് മരണമടഞ്ഞത്. മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ് ഡി ആര്‍ എഫില്‍ നിന്നും 4 ലക്ഷവും സി എം ഡി ആര്‍ എഫില്‍ നിന്നും 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം ഇതിനകം വിതരണം ചെയ്തു.
691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി. 119 പേരെയാണ് ഇനി കണ്ടെത്താന്‍ അവശേഷിക്കുന്നത്. കണ്ടെത്താന്‍ അവശേഷിക്കുന്നവരുടെ ബന്ധുക്കളില്‍ നിന്നും 91 പേരുടെ ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
കാര്‍ഷികവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചര്‍ ചെയ്യണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കണ്‍സംഷന്‍ ലോണുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഈ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയില്‍ ഉള്ള എല്ലാ റിക്കവറി നടപടികളും തല്‍ക്കാലം നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ദുരന്തമേഖലയില്‍ നിന്നുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ടുള്ള നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് മാന്‍ഡേറ്റുകള്‍ അവര്‍ക്ക് സാമ്പത്തികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത് ഒഴിവാക്കാന്‍ റിവ്യൂ ചെയ്യുന്നതിനും തീരുമാനമെടുത്തു.
വയനാട് ഉരുള്‍ പൊട്ടലില്‍ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരനധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണ രംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ശേഖരിച്ച ശേഷമാണ്, പുനരധിവാസ പദ്ധതിക്ക് അന്തിമ രൂപം നല്‍കുക. ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാംപുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടക വീട് കണ്ടെത്തി അങ്ങോട്ടേക്കോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കിയിട്ടുണ്ട്. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം.
സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയ്യാറായിട്ടുണ്ട്. അതില്‍ 123 എണ്ണം ഇപ്പോള്‍ തന്നെ മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ ഇതിനകം അനുവദിച്ചു നല്‍കിയിട്ടുണ്ട്. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ കാര്യമായ തടസ്സം ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.