സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. ‘അമ്മ’ ഒളിച്ചോടിയിട്ടില്ലെന്നും ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ
കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. രണ്ട് വർഷം മുമ്പ് റിപ്പോർട്ടിലെ നിര്‍ദേശങ്ങള്‍ ചർച്ച ചെയ്യാൻ മന്ത്രി സജി ചെറിയാൻ വിളിച്ചിരുന്നു. താനും ഇടവേള ബാബുവുമാണ് ചർച്ചയിൽ അന്ന് പങ്കെടുത്തതെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ അദ്ദേഹത്തോട് പറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് അമ്മയ്‍ക്കെതിരായ റിപ്പോർട്ടല്ല. അമ്മയെ ഹേമ കമ്മിറ്റി പ്രതികൂട്ടിൽ നിർത്തിയിട്ടുമില്ല. ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പമാണ് മാധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതിൽ വിഷമം ഉണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണം. ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുത്. സിനിമയില്‍ പവർ ഗ്രൂപ്പ് ഉണ്ടോ എന്ന്അറിയില്ല. എൻ്റെ ജീവിതത്തിൽ അത്തരമൊരു പവർ ഗ്രൂപ്പിനെ പറ്റി അറിയില്ല. രണ്ട് കൊല്ലം മുമ്പ് രണ്ട് സംഘടനയിലെ അംഗങ്ങളെ ചേർത്ത് ഒരു ഹൈ പവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. അല്ലാതെ ഒരു പവർ ഗ്രൂപ്പും മാഫിയവും സിനിമ മേഖലയില്‍ ഇല്ലെന്ന് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.