മലയാള സിനിമയില്‍ ലൈംഗികാരോപണ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ നിയമോപദേശം തേടി മുന്‍നിര നടന്മാര്‍. എം മുകേഷ്, ഇടവേള ബാബു, അലന്‍സിയര്‍ തുടങ്ങിയവരാണ് നിയമോപദേശം തേടിയത്. ഹൈക്കോടതിയില്‍ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. സിദ്ദിഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നടന്‍ ബാബുരാജും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചേക്കുമെന്നും വിവരമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗികാതിക്രമ പരാതികളാണ് മലയാളത്തിലെ പ്രമുഖ നടന്മാരും സംവിധായകരും പിന്നണി പ്രവര്‍ത്തകര്‍ക്കുമെതിരെ ഉയരുന്നത്. ആരോപണങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദവി ചെയര്‍മാന്‍ സ്ഥാനവും സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജി വെച്ചിരുന്നു. ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയില്ലെന്ന വിമര്‍ശനം ശക്തമാകവെയാണ് പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം രാജിവെക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തത്.
സംവിധായകന്മാരായ രഞ്ജിത്ത്, ശ്രീകുമാര്‍ മേനോന്‍, നടന്മാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ബാബുരാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, വിച്ചു തുടങ്ങിയവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നിലവില്‍ പരാതി ലഭിച്ചിരിക്കുന്നത്.