നിലവാരമില്ലാത്ത ഹെൽമെറ്റുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്യുന്നത് തടയണമെന്ന് കാണിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
ഈ കാര്യത്തിൽ ജില്ലാ കലക്‌ടർമാർ കർശന നടപടിയെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഐ.എസ്.ഐ അംഗീകാരമില്ലാതെ ഹെൽമെറ്റുകൾ നിർമിക്കുന്നതും ഐ.എസ്.ഐ മുദ്രയും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി.ഐ.എസ്) സർട്ടിഫിക്കറ്റ് ഇല്ലാത്തവ വിൽക്കുന്നതും തടയും. ഇവ നിർമിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കും.
നിശ്ചിത സുരക്ഷാനിലവാരമില്ലാത്ത ഹെൽമെറ്റുകൾ ധരിക്കുന്നതാണ് ഇരുചക്ര വാഹന അപകടങ്ങളിൽ മരണവും ഗുരുതരപരിക്കും കൂടുന്നതിന് കാരണമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. എ.ഐ ക്യാമറയും റോഡിലെ പരിശോധനയും ശക്തമായതോടെ പിഴയിൽനിന്ന് രക്ഷപ്പെടാൻ ഹെൽമെറ്റ് ധരിക്കുന്നത് ഇരുചക്ര വാഹന യാത്രികർക്ക് ശീലമായിട്ടുണ്ട്. എന്നാൽ ഉപയോഗിക്കുന്ന ഹെൽമറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ജനങ്ങൾ ബോധവാൻമാരല്ല. വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഹെൽമെറ്റുകൾ വാങ്ങി ഉപയോഗിക്കുന്നവരാണ് ഏറെയും. പിഴയടക്കുന്നതിൽനിന്ന് ഒഴിവാകാൻ ഹെൽമെറ്റ് എന്ന് തോന്നിക്കുന്ന ചട്ടിത്തൊപ്പി ധരിക്കുന്നവരുമുണ്ട്.