സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വീട്ടിലെത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിച്ചെന്ന ട്രാന്‍സ് ജെന്‍ഡറുടെ പരാതിയിൽ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഹ്രസ്വചിത്ര സംവിധായകന് വിനീത്, യൂട്യൂബറായ ‘ആറാട്ടണ്ണന്,’ (സന്തോഷ് വര്‍ക്കി), അലന് ജോസ് പെരേര, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഏപ്രില്‍ 12-നാണ് കേസിനാസ്പദമായ സംഭവം. ചിറ്റൂര്‍ ഫെറിക്ക് സമീപമുള്ള വാടകവീട്ടില്‍വച്ച് ചേരാനെല്ലൂര്‍ സ്വദേശിയായ ട്രാന്‍സ് ജെന്‍ഡറെ പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ ഭാഗങ്ങള്‍ അഭിനയിച്ച് കാണിക്കാനെന്ന വ്യാജേന കൈകള്‍ കെട്ടിയിട്ട് വിനീത് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
മറ്റ് പ്രതികള്‍ക്ക് വഴങ്ങികൊടുക്കണമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഓഗസ്റ്റ് 13-നാണ് യുവതി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയശേഷമാണ് പോലീസ് കേസെടുത്തത്.