ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴി തെറ്റി വൈദ്യുതി തൂണുകൾ തകർത്തു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ ലോറിയാണ് കണ്ണൂർ വെങ്ങരയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ് ചതിച്ച, ലോറി ഡ്രൈവർക്ക് കെഎസ്ഇബി 13,000 രൂപ പിഴയുമിട്ടു. ഗൂഗിൾ മാപ്പിനെ വിശ്വസിച്ചാണ് ജഗന്നാഥ് യാത്ര തുടങ്ങിയത്. എന്നാൽ കിട്ടിയതാവട്ടെ എട്ടിന്റെ പണിയാണ്. മംഗളൂരു ഭാഗത്തേക്ക് പോകാൻ പഴയങ്ങാടി എരിപുരം കവലയിൽ നിന്ന് തിരിയേണ്ടത് പിലാത്തറയിലേക്കാണ്. എന്നാൽ, ഗൂഗിൾ മാപ്പ് പറഞ്ഞു മാടായിപ്പാറ വഴി കയറാൻ. വഴി തെറ്റിയെത്തിയത് ചെമ്പല്ലിക്കുണ്ട് കൊവ്വപ്പുറം റോഡിലാണ്.
അവിടെ 12 മണിക്കൂർ കുടുങ്ങി. വഴി തെറ്റിയുള്ള ഓട്ടത്തിനിടയിൽ വൈദ്യുത ലൈനുകൾ ലോറിയിൽ തട്ടി വലിഞ്ഞു, വൈദ്യുത തൂണുകൾ തകർന്നു. കെഎസ്ഇബിയ്ക്ക് 13848 രൂപ പിഴയും കൊടുക്കേണ്ടി വന്നു