എസ്പി ഉൾപ്പെടെയുള്ള മലപ്പുറത്തെ പൊലീസുകാർ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നവെളിപ്പെടുത്തലുമായി യുവതി. പൊലീസ് ഉന്നതർ തന്നെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നെന്നും യുവതി ഒരു ടെലിവിഷൻ ചാനലിനോട് വെളിപ്പെടുത്തി. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർ തന്നെ ലൈംഗിക വേഴ്ച്ചയ്ക്ക് ഉപയോഗിച്ചെന്നാണ് വീട്ടമ്മയായ യുവതിയുടെ വെളിപ്പെടുത്തൽ.
വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായി 2022ൽ പൊലീസിനെ സമീപിച്ചതോടെയാണ് താൻ എസ്ച്ച്ഒ മുതൽ എസ്പി വരെയുള്ളവരുടെ ലൈംഗിക പീഡനത്തിന് ഇരയായാതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. വസ്തു തർക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സിഐ വിനോദിനാണ് ആദ്യം പരാതി നൽകിയത്. എന്നാൽ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാൽ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാൽ സുജിത് ദാസും തന്നെ ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. മുഖ്യമന്ത്രി തൻ്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും അയാൾക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാൽ താൻ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. എസ്പി പലപ്പോഴും വീഡിയോ കോൾ വിളിക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കി.