മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ കർണാടകയിലെ മൂന്നു സഹപാഠികളും നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമാണ് സമ്പർക്ക രഹിത നിരീക്ഷണം ഏർപ്പെടുത്തിയത്. സെപ്റ്റംബർ ഒമ്പതിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ വച്ച് 24 കാരൻ മരിച്ചത്. പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം.
ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുമുണ്ട്.
ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങൾ ശേഖരിച്ച് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ച് പേർക്ക് ചില ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.