സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവകാല റെക്കോഡ് ഭേദിച്ച് മുന്നേറി. ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയും പവന് 600 രൂപ കൂടി 55,680 രൂപയുമാണ് വില.
കേരളത്തിൽ മേയ് 20ന് കുറിച്ച ഗ്രാമിന് 6895 രൂപയെന്ന റെക്കോഡാണ് ഇതോടെ മറികടന്നത്. സ്വർണ വിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻ തോതിൽ നിക്ഷേപം വർധിക്കുന്നത് വില വർധനയ്ക്കിടയാക്കുന്നുണ്ടെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷർ എസ്. അബ്ദുൽ നാസർ പറഞ്ഞു.
യു.എസ് പലിശ നിരക്ക് കുറച്ചതിനു ശേഷം വലിയ തോതിൽ വില വർധിക്കാതിരുന്ന സ്വർണം, പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ കുതിച്ചു കയറിയത്. കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1,800 ഡോളറിൽ ആയിരുന്നതാണ് ഇപ്പോൾ 800 ഡോളറിലധികം വർധിച്ച് 2,625 ഡോളറിലായത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് രണ്ടര ശതമാനത്തോളമാണ് ഔൺസ് വില വർധിച്ചത്. നിലവിൽ ഔൺസിന് 2,622 ഡോളറിലാണ് വ്യാപാരം. സ്വർണ വില സമീപ ഭാവിയിൽ തന്നെ 2,650 ഡോളർ എത്തുമെന്നാണ് നിഗമനങ്ങൾ. 2024ൽ ഇതുവരെ 27 ശതമാനം നേട്ടമാണ് സ്വർണത്തിലുണ്ടായത്.