സംസ്ഥാനത്ത് സ്വർണ വില പവന് 56,000 രൂപയായി. ചൊവാഴ്ച പവന്റെ വിലയിൽ 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി. ഒരു പവൻ ആഭരണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജി.എസ്.ടിയും ഹാൾമാർക്കിങ് ചെലവും ഉൾപ്പടെ 60,700 രൂപയോളം നൽകേണ്ടിവരും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും യുഎസ് ഫെഡിന്റെ നിരക്ക് കുറയ്ക്കലുമൊക്കെയാണ് സ്വർണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടിയതും യുഎസിലെ പലിശ നിരക്കിലെ കുറവ് മുന്നോട്ടുവെക്കുന്ന ആദായ സാധ്യതയുമൊക്കെയാണ് സ്വർണം നേട്ടമാക്കിയത്.
അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 2627 ഡോളർ നിലവാരത്തിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 74,485 നിലവാരത്തിലേക്ക് ഉയർന്നു