എംപോക്സ് രോഗബാധിതനായി കേരളത്തിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് ക്ലേഡ് 1 ബി വകഭേദം സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
കോംഗോ, സ്വീഡൻ, തായ്ലന്റ് എന്നിവിടങ്ങളിൽ മാത്രമാണ് ഈ വകഭേദം ഇതുവരെ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിൽ പരിശോധനയുടെ ഭാഗമായ ജനിതക പരിശോധന നടത്തിയത് കൊണ്ടാണ് വകഭേദമേതെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട എല്ലാ നടപടികളും ആരോഗ്യവകുപ്പ് കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യു.എ.ഇ.യിൽ നിന്ന് ഈയിടെ കേരളത്തിലെത്തിയ മലപ്പുറം സ്വദേശിയായ 38-കാരനിലാണ് ക്ലേഡ് 1 ബി വകഭേദം കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച എംപോക്സ് വൈറസിന്റെ വകഭേദമാണ് ക്ലേഡ് 1 ബി. ഇന്ത്യയിൽ കണ്ടെത്തുന്ന എംപോക്സ് ക്ലേഡ് 1 ബി വൈറസിന്റെ ആദ്യ വകഭേദമാണ് ഇത്.