ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു.
ഡിഎൻഎ ഫലം കിട്ടിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. അർജുൻ ഉപയോഗിച്ച വസ്തുക്കൾ മുഴുവൻ ലോറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്.
ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നാൽ നാളെത്തന്നെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. വേഗത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അർജുൻ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി പുഴക്കരയിലേക്ക് മാറ്റി. ഇനി ഈ ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും മറ്റും ബന്ധുക്കൾക്ക് കൈമാറണം. ശരീര ഭാഗങ്ങൾ ഉണ്ടെങ്കിൽ അത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.