അസുഖബാധിതനായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ ഒന്നിനായിരുന്നു അന്ത്യം. രണ്ടാം ചരമവാർഷികത്തിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേർ അദ്ദേഹത്തിന്റെ സ്‌മരണ പങ്കിട്ടു.
പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു.
അസാമാന്യമായ നേതൃപാടവവും സംഘാടനശേഷിയും നയതന്ത്രജ്ഞതയും അദ്ദേഹത്തിന് പാർട്ടി പ്രവർത്തകരുടെ ഹൃദയങ്ങളിൽ ഉന്നതമായ ഇടം നേടിക്കൊടുത്തു. കോടിയേരിയുടെ രാഷ്ട്രീയജീവിതത്തിൽ നിന്നും ഊർജ്ജവും പ്രചോദനവും ഉൾക്കൊണ്ടു മുന്നോട്ടു പോകാൻ, അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും ആ വിധം പ്രകടിപ്പിക്കാൻ പാർട്ടിക്കും പ്രവർത്തകർക്കും സാധിക്കണമെന്നും പിണറായി പറഞ്ഞു.