• Wed. Dec 4th, 2024
Top Tags

ചേലക്കര സംഘർഷം; ‘ബേജാറാവണ്ട, തിരിച്ചടിക്കാം’; യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് കെ സുധാകരൻ

Bynewsdesk

Nov 2, 2024

ചേലക്കര ചെറുതുരുത്തിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ തിരിച്ചടിക്കാമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരോടാണ് തിരിച്ചടിക്കാമെന്ന കെപിസിസി പ്രസിഡന്റിന്റെ ആഹ്വാനം.

പ്രവർത്തകരുമായി വീഡിയോ കോളിൽ സംസാരിക്കുമ്പോഴാണ് സുധാകരന്റെ പരാമർശം. ‘ഒന്നും ബേജാറാവണ്ട കേട്ടാ, നല്ല കരുത്തോടെ നിൽക്ക്, ഞാൻ വന്നിട്ട് തിരിച്ചടിക്കാം’ എന്നാണ് വീഡിയോകോളിൽ സുധാകരൻ പറയുന്നത്. മറ്റന്നാൾ ചേലക്കരയിൽ എത്തുമ്പോൾ കാണാം എന്നും കെ സുധാകരൻ പ്രവർത്തകരോട് കെ സുധാകരൻ പറഞ്ഞു.

സിപിഐഎം-കോൺഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടലിൽ നാല് പേർക്ക് പരുക്കേറ്റിരുന്നു. ചേലക്കര മണ്ഡലത്തിൽ 28 വർഷമായി വികസന മുരടിപ്പെന്നാരോപിച്ച് 28 മിനിറ്റ് തലകുത്തി നിന്നുള്ള പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് ചെറുതുരുത്തിയിൽ സംഘടിപ്പിച്ചത്. പരിപാടിക്ക് അനുമതിയില്ലെന്നു ചൂണ്ടിക്കാണിച്ച് സിപിഐഎം ഭരിക്കുന്ന വള്ളത്തോൾനഗർ പഞ്ചായത്ത് പരിപാടി തടഞ്ഞു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്.

ഇരുവിഭാഗത്തിലെയും നാലുപേർക്ക് പരുക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് ചെറുതുരുത്തി പോലീസ് സ്റ്റേഷൻ യുഡിഎഫ് ഉപരോധിച്ചു. പ്രതിഷേധവുമായി സിപിഐഎമ്മും തെരുവിലിറങ്ങി. പോലീസ് സ്റ്റേഷനു മുന്നിലെത്തിയതോടെ ഇരുഭാഗവും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. നടപടി എടുക്കുമെന്ന കുന്നംകുളം എസിപിയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *