സ്വർണ വില ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇടിവിലേക്ക്. ഇന്ന് ഗ്രാം വില 15 രൂപ കുറഞ്ഞ് 7,355 രൂപയും പവൻ വില 120 രൂപ കുറഞ്ഞ് 58,840 രൂപയുമായി. 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,065 രൂപയിലെത്തി. രണ്ട് ദിവസമായി മാറാതെ നിന്ന വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് ഒരു രൂപ ഇടിഞ്ഞ് 102 രൂപയിലാണ് വ്യാപാരം.
വിവാഹ പാർട്ടികൾക്ക് ആശ്വാസം, ബുക്കിംഗിനും അവസരം
ഒക്ടോബർ 31ന് പവന് 59,640 രൂപ വരെ എത്തിയ സ്വർണ വില പിന്നീട് തുടർച്ചയായ ഇടിവിലാണ്. പവന് 800 രൂപയോളമാണ് ഇതിനകം കുറഞ്ഞത്. വിവാഹ ആവശ്യങ്ങൾക്കായും മറ്റും സ്വർണം വാങ്ങാനുള്ളവർക്ക് ആശ്വാസമാണ് ഇപ്പോഴത്തെ ഇടിവ്. അഡ്വാൻസ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താനും ഈ അവസരം ഉപയോഗിക്കാം. ഒട്ടുമിക്ക ജുവലറികളും അഡ്വാൻസ് ബുക്കിംഗ് സൗകര്യം നൽകുന്നുണ്ട്.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങൾ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില, ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങാൻ അവസരം നൽകുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിൻ്റെ നേട്ടം. ഉദാഹരണത്തിന് നിങ്ങൾ ഇന്നത്തെ വിലയ്ക്ക് സ്വർണാഭരണം ബുക്ക് ചെയ്‌തു എന്നിരിക്കട്ടെ. അടുത്തയാഴ്ച സ്വർണ വില 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങൾക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വർണം കിട്ടും. ജുവലറികളുടെ നിബന്ധനകൾ മനസിലാക്കി മാത്രം മുൻകൂർ ബുക്കിംഗ് നടത്തുക.