• Fri. Sep 27th, 2024
Top Tags

സുനുവിന് പിന്നാലെ കൂടുതല്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നീക്കം

Bydesk

Jan 11, 2023

തിരുവനന്തപുരം:പി.ആര്‍ സുനുവിന് പിന്നാലെ കൂടുതല്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ പൊലീസ് തലപ്പത്ത് നീക്കം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയാണ് നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ 58 പൊലീസുകാരെ പിരിച്ചുവിടാനാണ് ആലോചന.
സേനയ്ക്ക് ചീത്തപ്പേരും നാണക്കേടുമുണ്ടാക്കുന്ന ഉ‍ദ്യോഗസ്ഥര്‍ സര്‍വീസില്‍ വേണ്ടെന്ന ഉറച്ച നിര്‍ദേശമാണ് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയിട്ടുള്ളത്. ഇതോടെയാണ് പി ആര്‍ സുനു ഒന്നാം പേരുകാരനായി 59 ഉദ്യോഗസ്ഥരുടെ പട്ടിക പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി തയ്യാറാക്കിയത്. പിന്നാലെ പുറത്താക്കല്‍ നടപടി വേഗത്തിലാക്കാന്‍ കേരള പൊലീസ് വകുപ്പ് എന്‍ക്വയറി റൂള്‍സ് ഭേദഗതി ചെയ്തു.. കേസില്‍ കോടതി ശിക്ഷ വിധിച്ചില്ലെങ്കിലും പുറത്താക്കാമെന്നാണ് ഭേദഗതി. ഇതാണ് സുനുവിന്റെ പുറത്താക്കലിന് വഴിയൊരുക്കിയത്.

സുനുവിന് പിന്നാലെ നാലു പൊലീസുകാരെ കൂടി രണ്ടു മാസത്തിനുള്ളിൽ പിരിച്ചു വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. 2016 മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 828 ക്രിമിനല്‍ കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി പീഡിപ്പിക്കൽ, സ്ത്രീധനപീഡനം, സാമ്പത്തിക തട്ടിപ്പ്, ക്വാറി മാഫിയ ബന്ധം തുടങ്ങിയ കേസുകളിൽ പൊലീസുകാർ പ്രതികളാണ്. ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടാലും കോടതി വിധി അനുകൂലമാണെങ്കിൽ തിരിച്ചെടുക്കേണ്ടിവരും. കോടതി ശിക്ഷിക്കാത്ത ഒരാളെ പിരിച്ചുവിടുന്നത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമായി വിലയിരുത്തുന്നവരുമുണ്ട്. മാത്രമല്ല, ഏതെങ്കിലും ഉദ്യോഗസ്ഥനെ മനപൂര്‍വം പുറത്താക്കാന്‍ ഭേദഗതി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയും സേനയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *