• Sat. Sep 28th, 2024
Top Tags

കണ്ടൽക്കാടുകൾ ഏറ്റെടുക്കൽ പദ്ധതി സർവേയിൽ ഒതുങ്ങി

Bydesk

Jan 14, 2023

പയ്യന്നൂർ ∙ സ്വകാര്യ മേഖലയിലെ കണ്ടൽക്കാടുകൾ ഏറ്റെടുത്ത് സർക്കാർ നിക്ഷിപ്ത വനമാക്കി മാറ്റുന്ന പദ്ധതി സർവേയിൽ ഒതുങ്ങി. തീരദേശ സംരക്ഷണ ഭാഗമായി കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനാണ് സ്വകാര്യ കണ്ടൽക്കാടുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽവനമുള്ള കുഞ്ഞിമംഗലം, ഏഴോം പഞ്ചായത്തുകളിൽ ഇതിനു തുടക്കമിടാനായിരുന്നു തീരുമാനം.

കുഞ്ഞിമംഗലം പഞ്ചായത്തിൽ സ്വകാര്യ വ്യക്തികളും സീക്ക് പോലുള്ള സംഘടനകളും സർക്കാർ ഏജൻസികളും കണ്ടൽ വനങ്ങൾ വില കൊടുത്ത് വാങ്ങി സംരക്ഷിക്കുന്നുണ്ട്. ഇത് മാതൃകയാക്കിയാണ് സർക്കാർ നിക്ഷിപ്ത വനം പദ്ധതി പ്രഖ്യാപിച്ചിരുന്നത്. ‌5 വർഷം മുൻപ് കേരളത്തിലെ ഭൂരിഭാഗം പ്രദേശത്തും വനം–റവന്യു വകുപ്പുകൾ ചേർന്നു സർവേ നടത്തിയിരുന്നെങ്കിലും പൂർത്തിയായില്ല. 6 മാസം മുൻപ് വീണ്ടും ഇതിന് ചലനം വന്നു.

വനം വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കുഞ്ഞിമംഗലം, ഏഴോം പഞ്ചായത്തുകളിൽ സർവേ നടത്തുന്നതിന് കലക്ടർ രണ്ടു പ്രദേശത്തെയും വില്ലേജ് ഓഫിസർമാരുടെ സേവനം വിട്ടുകൊടുത്തിരുന്നു. എന്നാൽ, ആ സർവേയും എങ്ങുമെത്തിയില്ല. അപൂർവ ഇനം കണ്ടൽ പോലും സ്വകാര്യ സ്ഥലത്ത് നിന്നു വെട്ടിമാറ്റുമ്പോൾ നടപടി എടുക്കാനാകാതെ വനം വകുപ്പ് കാഴ്ചക്കാരായി നിൽക്കേണ്ട അവസ്ഥ വന്നതിനാലാണ് നിക്ഷിപ്ത വനം പദ്ധതി മുന്നോട്ടു വച്ചത്. സ്വകാര്യ വ്യക്തികൾ കണ്ടൽക്കാടുകൾ വെട്ടി നശിപ്പിച്ചപ്പോഴെല്ലാം വനം വകുപ്പിന് നോട്ടിസ് നൽകാൻ മാത്രമേ കഴിയുന്നുള്ളൂ. അതുകൊണ്ട് തന്നെ സ്വകാര്യ മേഖലയിൽ കണ്ടൽ വനങ്ങൾ വ്യാപകമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *