‘ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാവുന്നു’; ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‍ക്കെന്ന് മലയാളിയായ ലാവണ്യ


പഹല്‍ഗാമിലെ റിസോര്‍ട്ടില്‍ തുടരുകയാണെന്നും പേടികാരണം പുറത്തിറങ്ങിയിട്ടില്ലെന്നും ലാവണ്യ പറയുന്നു. കണ്ണൂര്‍ സ്വദേശിയാണ് ലാവണ്യ. 11 പേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്.

ദില്ലി: ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മലയാളിയായ ലാവണ്യ. പഹല്‍ഗാമിലെ റിസോര്‍ട്ടില്‍ തുടരുകയാണെന്നും പേടികാരണം പുറത്തിറങ്ങിയിട്ടില്ലെന്നും ലാവണ്യ പറയുന്നു. കണ്ണൂര്‍ സ്വദേശിയാണ് ലാവണ്യ. 11 പേരാണ് ഇവരുടെ സംഘത്തിലുണ്ടായിരുന്നത്. ലാവണ്യയും കുടുംബവും ഇപ്പോള്‍ പഹല്‍ഗാമിലെ റിസോര്‍ട്ടിലാണ് ഉള്ളത്.

ശനിയാഴ്ചയാണ് കാശ്മീരിലെത്തിയത്. ഇന്നലെ രാവിലെയാണ് പഹല്‍ഗാമിലേക്ക് തിരിച്ചത്. ഇന്നലെയും ഇന്നുമായി പഹല്‍ഗാമിലെ കാഴ്ചകള്‍ കാണാം എന്നായിരുന്നു തീരുമാനം. പഹല്‍ഗാമിലേക്ക് പോകുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. യാത്രയ്ക്ക് ഉടയില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയത് കൊണ്ട് ഒരു മണിക്കൂര്‍ വൈകിയിരുന്നു. ഈ സമയത്തിന്‍റെ വ്യത്യാസത്തിലാണ് ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ലാവണ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുടിനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ഭക്ഷണത്തിന്‍റെ രൂപത്തിലാണ് ദൈവം തങ്ങളുടെ കുടുംബത്തിനെ രക്ഷിച്ചതെന്നും ലാവണ്യ കൂട്ടിച്ചേര്‍ക്കുന്നു.

പഹല്‍ഗാമിലേക്ക് പോകുന്നതിനിടെ കുറെ ആളുകള്‍ തിരിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. അവരില്‍ പലരും തിരിച്ച് പോകാന്‍ നമ്മളോട് പറഞ്ഞു. പക്ഷേ എന്താണ് പ്രശ്നമെന്ന് മനസിലാവുന്നുണ്ടായിരുന്നില്ല. എന്താണ് കാര്യമെന്ന് ടാക്സി ഡ്രൈവറോട് ചോദിച്ചെങ്കിലും ചെറിയൊരു പ്രശ്നനമുണ്ടെന്നും ടെന്‍ഷന്‍ ആവേണ്ട എന്നുമാണ് പറഞ്ഞത്. പക്ഷേ നമ്മള്‍ റിസ്ക് എടുക്കാണ്ട എന്ന് കരുതി പകുതിയില്‍ തിരിച്ച് പോവുകയായിരുന്നുവെന്ന് ലാവണ്യ പറയുന്നു. ഹെലികോപ്റ്ററും സിആര്‍പിഎഫിന്‍റെ വാഹനങ്ങളും കുറെ പോകുന്നുണ്ടായിരുന്നു. തിരിച്ച് റൂമില്‍ എത്തിയപ്പോഴാണ് പ്രശ്നത്തിന്‍റെ ഭീകരത തിരിച്ചറിഞ്ഞതെന്നും ലാവണ്യ കൂട്ടിച്ചേര്‍ത്തു. നിരപരാധികളായ കുറെ ആളുകളടെ മരണത്തില്‍ ദുഖമുണ്ടെന്നും ലാവണ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *