കഞ്ചാവ് പിടികൂടിയ സംഭവം; സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്ത് ഡയറക്ടേഴ്‌സ് യൂണിയന്‍


കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സംവിധായകര്‍ക്കെതിരെ നടപടി. സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്റഫ് ഹംസയേയും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഡയറക്ടേഴ്‌സ് യൂണിയന് ഫെഫ്ക നിര്‍ദേശം നല്‍കിയിരുന്നു. ഫെഫ്കയുടെ നടപടിക്ക് നിര്‍മാതാക്കളുടെ സംഘടന പിന്തുണയും അറിയിച്ചിട്ടുണ്ട്.

നടപടി എടുക്കേണ്ടത് ഫെഫ്കയാണെന്നും എന്ത് നടപടി എടുത്താലും ഒപ്പം നില്‍ക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ലഹരിക്കെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ച്ച ഇല്ലെന്നും വലിപ്പ – ചെറുപ്പം നോക്കാതെ നടപടിയുണ്ടാകുമെന്ന് പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.

നടപടിയില്‍ വലിപ്പച്ചെറുപ്പമില്ലെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ ട്വന്റിഫോറിനോട് പറഞ്ഞു. സിനിമാ സെറ്റുകളിലെ ലഹരി പരിശോധനയ്ക്ക് ഫെഫ്കയുടെ പൂര്‍ണ പിന്തുണയെന്നും സിബി മലയില്‍ വ്യക്തമാക്കി. സെറ്റില്‍ ലഹരി ഉപയോഗം കണ്ടെത്തിയാല്‍ വിവരം എക്‌സൈസിന് കൈമാറും. ഇക്കാര്യത്തില്‍ കര്‍ശന ജാഗ്രത. ആരെയും സംരക്ഷിക്കില്ല – സിബി മലയില്‍ വിശദമാക്കി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂര്‍വ ഗ്രാന്റ് ബെയില്‍ പരിശോധന നടത്തിയതെന്ന് എക്‌സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ ടി എം മജു പറഞ്ഞു. 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വിശദമായ അന്വേഷണത്തിലേക്ക് കടക്കുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നു. ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. സമീര്‍ താഹീറിനെ ഉടന്‍ വിളിപ്പിക്കും. പ്രതിച്ചേര്‍ക്കുന്ന കാര്യത്തില്‍ ചോദ്യം ചെയ്തതിന് ശേഷം തീരുമാനം. എല്ലാ സിനിമാക്കാരും ലഹരി ഉപയോഗിക്കുന്നവര്‍ അല്ല. സിനിമ ലോക്കഷനില്‍ പരിശോധന നടത്തുന്നതില്‍ വെല്ലുവിളികള്‍ ഇല്ല – അദ്ദേഹം വ്യക്തമാക്കി.


Leave a Reply

Your email address will not be published. Required fields are marked *