ദേശീയ സുരക്ഷാ സന്നദ്ധതാ പരിശീലനം രാജ്യത്തുടനീളമുള്ള 259 കേന്ദ്രങ്ങളിൽ നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യോമാക്രമണ സൈറണുകൾ, വൈദ്യുതി നിലച്ച അവസ്ഥകൾ തുടങ്ങിയ സാഹചര്യങ്ങളിൽ ആദ്യ പ്രതികരണം എങ്ങനെ നൽകണം എന്നതിനെക്കുറിച്ചുള്ള പരിശീലനത്തിനാണ് മോക്ഡ്രിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മോക്ഡ്രിൽ നടത്തുന്നത്. 1971 ന് ശേഷം ഇത്തരത്തിലുള്ള ആദ്യത്തെ പരിശീലനമാണിത്.
കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് മോക്ഡ്രിൽ നടക്കുക. സിവിൽ ഡിഫൻസ് ജില്ലകളിലെ കാറ്റഗറി രണ്ടിലാണ് കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടുന്നത്. ദില്ലി, ചെന്നൈ, സുറത്ത്, മുംബൈ, വഡോദര തുടങ്ങിയവയാണ് ആദ്യ കാറ്റഗറിയില്‍ ഉൾപ്പെടുന്നത്.
നാളെ ഷെഡ്യൂൾ ചെയ്തിട്ടുള്ള ദേശീയ മോക്ക് ഡ്രില്ലിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള സിവിൽ ഡിഫൻസ് സന്നദ്ധത വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഒരു സുപ്രധാന യോഗം ചേർന്നു. 2010 ൽ വിജ്ഞാപനം ചെയ്ത 244 നിയുക്ത സിവിൽ ഡിഫൻസ് ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും സിവിൽ ഡിഫൻസ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.