ആറാം വയസിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോക്ടർ അസ്ന വിവാഹിതയായി


ആറാം വയസ്സിൽ കണ്ണൂരിലെ ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിൽ എഞ്ചിനീയറുമായ നിഖിലാണ് വരൻ. ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്ന കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിൻ്റെ ഇരയാണ്.

2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബുകളിൽ ഒന്ന് വന്ന് പതിച്ചത് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അസ്നക്ക് നേരെയായിരുന്നു. അന്നുണ്ടായ അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരിക്കേറ്റിരുന്നു.

അന്ന് അസ്നക്ക് ആറ് വയസ് മാത്രമാണ് പ്രായമുണ്ടായത്. ബോംബേറിൽ അസ്നയുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെ മുട്ടിനു കീഴെ വെച്ച് കാൽ മുറിച്ചുമാറ്റുകയും ചെയ്തു. പിന്നീട് കൃത്രിമ കാലുമായി വിധിക്ക് മുന്നിൽ പകച്ച് നിൽക്കാതെ നിശ്ചയദാർഡ്യത്തോടെ അസ്ന വിജയത്തിൻ്റെ പടികൾ ഓരോന്നായി ചവിട്ടിക്കയറി.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസ് നേടി. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്‌ന.


Leave a Reply

Your email address will not be published. Required fields are marked *