ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഷാർജയിലെ ഒരു സ്വകാര്യ കമ്പനിയിലെ സൈറ്റ് എഞ്ചിനീയർ ആയിരുന്നു ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷ് ശങ്കർ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കമ്പനി തന്നെ നേരിട്ട് സതീഷിനെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് സതീഷ് ഇവിട ജോലിയിൽ പ്രവേശിച്ചത്.
അതേസമയം, അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്നു ഷാർജ പോലീസിലും പരാതി നൽകുന്നുണ്ട്. 2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. 43 പവൻ സ്വർണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും 19ന് പുലർച്ചെ ഫ്ലാറ്റിൽ വച്ചു മകളെ കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പോലീസിനു മൊഴി നൽകിയത്. ഇതു പ്രകാരമാണ് കൊലപാതകക്കുറ്റത്തിനു കേസെടുത്തത്.
അതുല്യയുടെ മരണം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ചവറ എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. തെക്കുംഭാഗം എസ്ഐ എൽ.നിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി അതുല്യയുടെ മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
അതേസമയം സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അതുല്യ പിണങ്ങി വീട്ടിലെത്തിയ സമയത്ത് പുലർച്ചെ 3 മണിക്ക് ഒരു സംഘം ചെറുപ്പക്കാരുമായി സതീഷ് മതിൽ ചാടി കടന്നതായി അയൽവാസി പറഞ്ഞു. വീട്ടുകാരെയും അതുല്യയെയും ഉപദ്രവിക്കാനായിരുന്നു വരവ്. അന്ന് അത് തടസ്സപ്പെടുത്തിയതായും അയൽവാസി പറഞ്ഞു. മദ്യപിച്ച് ഓഫിസിലെത്തിയതിന് സതീശിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ പറഞ്ഞു. മദ്യപിച്ച് വിദേശത്ത് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് പറഞ്ഞു.