വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നൽകി മറ്റൊരാൾ പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ വിലയിരുത്തൽ അറിയിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് കേസിൽ വിധി പറഞ്ഞത്. ‘ആരോപണങ്ങൾ ഗൗരവമുള്ളതാണെങ്കിലും, ഇരയ്ക്ക് നിലവിൽ ഒരു വിവാഹബന്ധം ഉള്ളതിനാൽ, വ്യാജ വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധം എന്ന ആരോപണത്തിന് നിയമപരമായി നിലനിൽക്കില്ല’യെന്ന് കോടതി വ്യക്തമാക്കി.
കേസിൽ പോലീസ് സബ്-ഇൻസ്പെക്ടർ ആണ് ഹർജിക്കാരൻ. 2016 മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ പരാതിക്കാരിയുമായി ബന്ധം പുലർത്തി വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി 2025 ജൂലൈ വരെ ഹർജിക്കാരനോടൊപ്പം ആയിരുന്നു താമസിച്ചിരുന്നതെന്ന് കണ്ടെത്തി. 2025 ജനുവരിയിൽ ഹർജിക്കാരൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും ആരോപണമുണ്ട്. എന്നാൽ പരാതിക്കാരി വിവാഹിതയാണെന്നും, അവർ വേർപിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ആ വിവാഹം നിയമപരമായി വേർപെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരി ഇതിനകം വിവാഹിതയായിരിക്കെ, വിവാഹം കഴിക്കാമെന്ന വ്യാജ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന ആരോപണം നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ ഹർജിക്കാരനെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കാനും ചോദ്യം ചെയ്യലിന് വിധേയനാകാനും ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുക, പരാതിക്കാരിയെ ബന്ധപ്പെടാതിരിക്കുക, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകാതിരിക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്