കേരളത്തെ അതിദരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി


നിയമസഭയില്‍ കേരളം അതിദരിദ്ര്യമുക്തമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്ര മുഹൂര്‍ത്തമായതിനാലാണ് ഇത് സഭയില്‍ പ്രഖ്യാപിക്കുന്നതെന്നും ഈ കേരളപ്പിറവി കേരളജനതയ്ക്ക് പുതുയുഗപ്പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ദിനം നവകേരള സൃഷ്ടിയില്‍ നാഴികക്കല്ലാകുകയാണ്. 2021ല്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷമെടുത്ത പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജനം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അത് നേടിയെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളേയും ജനപ്രതിനിധികളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഗ്രാമസഭകളേയും പങ്കെടുപ്പിച്ചുകൊണ്ടാണ് അതിദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കിയതെന്ന് മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സംസ്ഥാനത്തെ അതിദരിദ്രരെ സംബന്ധിച്ച വിവരശേഖരണം നടത്തിയത്. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ തേടി. ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കരട് പട്ടിക ഗ്രാമസഭകളിലും അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 1032 തദ്ദേശ സ്ഥാപനങ്ങളിലായി 64006 കുടുംബങ്ങളിലെ 103099 വ്യക്തികളെ അതിദരിദ്രരായി കണ്ടെത്തുകയായിരുന്നു. ഇവരെ അതിദരിദ്ര്യരുടെ പട്ടികയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരാനായി പങ്കാളിത്താധിഷ്ഠിത പ്രക്രിയയിലൂടെ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. 2023-24 , 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ 50 കോടി രൂപ വീതവും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 60 കോടി രൂപയും ഈ പദ്ധതിക്കായി മാറ്റിവച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *