പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; സംസ്ഥാനത്തും വിപുലമായ പരിപാടികള്‍, കര്‍ശന സുരക്ഷ


ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് 2026 ആദ്യം എത്തുന്നത്. സംസ്ഥാനത്തും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ക്ലബ്ബുകളും മറ്റും വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ആഘോഷകേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിന്‍ കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തിരുവനന്തപുരത്ത് വര്‍ക്കല, കോവളം ബീച്ചുകളിലും ആഡംബര ഹോട്ടലുകളിലും നവവത്സരാഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഫോര്‍ട്ടുകൊച്ചിക്ക് സമാനമായി വെള്ളാറിലെ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ് വില്ലേജില്‍ പാപ്പാഞ്ഞിയെ കത്തിക്കും. ഇതിനായി 10 കലാകാരന്മാര്‍ ചേര്‍ന്ന് 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ തയ്യാറാക്കിയിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ആറു മണി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. ഉച്ചയ്ക്ക് രണ്ടിനുശേഷം ഫോര്‍ട്ടുകൊച്ചിയിലേക്ക് വാഹനം അനുവദിക്കില്ല. ഡ്രോണ്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

പുതുവത്സരാഘോത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് രാത്രി 12 മണി പ്രവര്‍ത്തിക്കും. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ ബെവ്കോ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.


Leave a Reply

Your email address will not be published. Required fields are marked *