ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; അടിമുടി ദുരൂഹത


നെയ്യാറ്റിന്‍കരയില്‍ ബിസ്‌കറ്റ് കഴിച്ചതിന് പിന്നാലെ ഒരു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കാഞ്ഞിരംകുളം സ്വദേശി ഷിജിലിനെ ആണ് പൊലീസ് കസ്റ്റഡിലെടുത്തത്. ഷിജില്‍ നല്‍കിയ ബിസ്‌കറ്റ് കഴിച്ചാണ് കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. (Father arrested in case of baby’s death after eating biscuits)

ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാന്‍ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജില്‍ വാങ്ങി കൊണ്ടുവന്ന ബിസ്‌ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നല്‍കിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമായി കൃഷ്ണപ്രിയയുടെ ബന്ധുക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് മാതാപിതാക്കളെ നെയ്യാറ്റിന്‍കര പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.വായില്‍ നിന്ന് നുരയും പതയും വരികയും ശരീരം തണുത്ത് ചുണ്ടിന് നിറവ്യത്യാസം വരികയും ചെയ്തതായി കൃഷ്ണപ്രിയ മൊഴി നല്‍കി. പിന്നാലെ മാതാവിനെ വിട്ടയച്ചു.

ഷിജിലും കൃഷ്ണപ്രിയയുമായി കുടുംബ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതാണ് സംശയം ബലപ്പെടാന്‍ കാരണം. അകന്നു കഴിയുകയായിരുന്നു ഇവര്‍ വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. കുഞ്ഞ് നിലത്ത് വീണോ എന്ന് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ രക്ഷിതാക്കളോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ ഒരാഴ്ച്ച മുമ്പ് കുഞ്ഞ് വീണ് കൈക്ക് വളവ് ഉണ്ടായത് കാരണം കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്ന് പ്ലാസ്റ്റര്‍ ഇട്ടിരുന്നു.വയറില്‍ ക്ഷതം ഏറ്റിരുന്നതായി സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധന ഫലവും ലഭിച്ചാലെ മരണകാരണം വ്യക്തമാകു എന്ന് നെയ്യാറ്റിന്‍കര പൊലീസ് വ്യക്തമാക്കി


Leave a Reply

Your email address will not be published. Required fields are marked *