കേരളത്തിന്റെ ഹൃദയം കവർന്ന കൗമാര കലാമേളക്ക് ആവേശകരമായ കൊടിയിറക്കം. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ജേതാക്കളായ കണ്ണൂരിന് സ്വർണ്ണക്കപ്പ് സമ്മാനിച്ചതോടെയാണ് അഞ്ച് ദിനരാത്രങ്ങൾ നീണ്ടുനിന്ന ആരവത്തിന് തിരശ്ശീല വീണത്.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ, മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവരെല്ലാം ചേർന്നാണ് കണ്ണൂരിന് കലാകിരീടം സമ്മാനിച്ചത്.
കുട്ടികളുടെ ആവേശത്തിന് നിറഞ്ഞ കയ്യടിയും അഭിനന്ദനങ്ങളുമാണ് ഏവരും നൽകിയത്. കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂർ കലാകിരീടത്തിൽ മുത്തമിട്ടത്.
5 പോയിന്‍റ് വ്യത്യാസത്തിൽ കിരീടം
സ്വന്തം തട്ടകത്തിൽ തൃശൂരിനെ മലർത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്‍റെ കിരീടനേട്ടം. തുടക്കം മുതൽ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിർത്താൻ കണ്ണൂരിനായപ്പോൾ, വാശിയേറിയ മത്സരത്തിനൊടുവിൽ തൃശൂർ റണ്ണറപ്പുകളായി. 5 പോയിന്‍റ് വ്യത്യാസത്തിലാണ് കണ്ണൂരിന്‍റെ കിരീടനേട്ടം.
1023 പോയിന്‍റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്‍റാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1017 പോയിന്‍റാണ് കോഴിക്കോട് ജില്ലക്കുള്ളത്.
ജില്ലയിലെ കലാപ്രതിഭകളുടെ കഠിനാധ്വാനത്തിന് ലഭിച്ച ഈ വിജയത്തോടെ കണ്ണൂർ വീണ്ടും കേരളത്തിന്റെ കലോത്സവത്തിലെ അഭിമാന നേട്ടം പിടിച്ചെടുക്കുകയായിരുന്നു. സ്കൂളുകളുടെ കാര്യത്തിൽ ആലത്തൂർ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.

