തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞെന്ന് ഭാര്യ ബിന്ദു മേനോൻ. ഭാര്യ ബിന്ദുവുമായി മന്ത്രി ഫോണിൽ സംസാരിച്ചു. പരാതിയുമായി പോകില്ലെന്ന് ബിന്ദു പറഞ്ഞതായാണ് വിവരം. തന്റെ ഇന്നലത്തെ പ്രതികരണം വൈകാരികമാണെന്നും ഭാര്യ പറഞ്ഞു. ഇതോടെ ഗണേഷ് കുമാറിന്റെ പരാതി ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണ്. വാളകത്തെ കുടുംബവീട്ടിൽ വച്ച് ഗണേശിനെ ഒരു സ്ത്രീക്കൊപ്പം മോശമായ രീതിയിൽ കണ്ടു എന്നായിരുന്നു ഭാര്യ ബിന്ദുവിന്റെ ആരോപണം. അതിന്റെ ചിത്രങ്ങൾ എടുത്ത ഫോൺ ബലമായി പിടിച്ച് വാങ്ങാൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ശ്രമിച്ചു എന്നും ആരോപിച്ചിരുന്നു.വാളകത്തെ വീട്ടിലേക്ക് പൊലീസിനെ കയറാൻ ഗണേശന്റെ സ്റ്റാഫുകൾ സമ്മതിച്ചില്ല എന്നും ബിന്ദു പറഞ്ഞിരുന്നു. ഇതും സർക്കാരിന് രാഷ്ട്രീയ ബാധ്യതയായി മാറിയിട്ടുണ്ട്. കുടുംബ കാര്യമാണെന്ന് പറഞ്ഞതുകൊണ്ടാണ് വിഷയത്തിൽ അന്ന് ഇടപെടാതിരുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. 2011ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗാർഹിക പീഡന പരാതിയിൽ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തെറിച്ചതാണ്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയും ചെയ്തു. അതേസമയം, മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ ആരോപണം ഇടതുമുന്നണി നേതൃത്വം ഗൗരവത്തിലായിരുന്നു എടുത്തത്. ആരോപണം പരാതിയായി മാറിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ദുർബലപ്പെടരുത് എന്നാണ് ഘടകകക്ഷികളുടെ നിലപാട്.
മാപ്പ് പറഞ്ഞ് മന്ത്രി ഗണേഷ് കുമാർ, പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ

