മുൻ
ആരോഗ്യമന്ത്രി വീണ ജോർജിനെ ആയുധം ഉപയോഗിച്ച് കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചുവെന്ന കേസില്‍ തുടരന്വേഷണത്തിന് എസ്ഐടി. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കെഎപി നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു പ്രേമൻ എസ് ഐ ടി തലവൻ. കണ്ണൂർ സിറ്റി എസിപി ആസാദാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രതിഷേധക്കാരായ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് റെയിൽവേ സ്‌റ്റേഷനിൽ വെച്ച് വീണയെ ആക്രമിച്ചുവെന്നായിരുന്നു കെഎസ്‍യു പ്രവർത്തകർക്കെതിരായ കേസ്. കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ടി ഒ മോഹനൻ എംഎൽഎയുടെയും കെഎസ്‍യു പ്രവര്‍ത്തകരുടെയും പരാതിയിലാണ് തുടരന്വേഷണം.
ഈ വർഷം ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോർജിനെതിരെ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരിക്കേറ്റതിനെ തുടർന്ന് കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

