അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ എത്തില്ല; കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിൽ 15 സ്റ്റേഷനുകൾ, മൂന്നു കിലോമീറ്റർ ഭൂഗർഭപാത


കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാംഘട്ടത്തിൽ ആകെ 15 സ്റ്റേഷനുകളാണ് ഉള്ളത്. നെടുമ്പാശേരി വിമാനത്താവളം ഉൾപ്പെടെ രണ്ട് സ്റ്റേഷനുകൾ ഭൂമിക്കടിയിലായിരിക്കും. അതേസമയം മൂന്നാംഘട്ടത്തിൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ ഉൾപ്പെടില്ല. പദ്ധതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയതെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) വിശദീകരണം. അങ്കമാലി റെയിൽവേ സ്റ്റേഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.

എറണാകുളം നിവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തിനുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) ഇക്കഴിഞ്ഞ ദിവസമാണ് കെഎംആർഎൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്. ആലുവയിൽനിന്ന് ആരംഭിക്കുന്ന മൂന്നാംഘട്ടം കരിയാട് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് തിരിയും. തുടർന്ന് നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ എന്നിവിടങ്ങൾ പിന്നിട്ട് കരയാപറമ്പിൽ അവസാനിക്കും.

ഡിപിആറിൽ 15 സ്റ്റേഷനുകളാണ് ശുപാർശ ചെയ്യുന്നത്. തോട്ടക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, നെടുമ്പാശേരി വിമാനത്താവള റെയിൽവേ സ്റ്റേഷൻ, നെടുമ്പാശേരി വിമാനത്താവളം, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജംഗ്ഷൻ, ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാപറമ്പ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ നി‍ർമ്മിക്കുക. ആലുവ മുതൽ കരിയാട് വരെ ദേശീയപാത 544 ലൂടെ ഉയരപ്പാതയാകും നി‍ർമ്മിക്കുക. പിന്നീട് ഭൂമിക്കടിയിലൂടെ നീളുന്ന മൂന്നുകിലോമീറ്റർ പാത നെടുമ്പാശേരി വിമാനത്താവളത്തെ ബന്ധിപ്പിക്കും. വിമാനത്താവള പരിസരത്തുനിന്ന് വീണ്ടും ഉയരപ്പാത ആരംഭിച്ചു കരയാപറമ്പിൽ അവസാനിക്കും. എയ‍ർപോർട്ട് മെട്രോ സ്റ്റേഷഷൻ എവിടെ നിർമ്മിക്കണമെന്ന കാര്യത്തിൽ സിയാലും കെഎംആർഎല്ലും തമ്മിൽ ചർച്ച നടന്നിട്ടുണ്ട്. ഇൻ്റർനാഷണൽ, ഡൊമസ്റ്റിക് ടെ‍ർമിനലുകൾക്കിടയിൽ, താജ് ഹോട്ടലിന് മുന്നിലുള്ള ഭൂമി സ്റ്റേഷന് ഏറ്റവും അനുയോജ്യമായി സിയാൽ കണക്കാക്കുന്നുണ്ട്.

എന്തുകൊണ്ട് അങ്കമാലി റെയിൽവേ സ്റ്റേഷൻ ഇല്ല?

അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് മെട്രോ നീട്ടണമെങ്കിൽ വിമാനത്താവളത്തിൽനിന്ന് വീണ്ടും ദേശീയപാത 544ലേക്ക് അലൈൻമെൻ്റ് തിരിച്ചുവിടേണ്ടി വരും. ഇത് ഭൂമിയേറ്റെടുക്കൽ ചെലവ് വ‍ർധിപ്പിക്കുമെന്ന് സാധ്യതാ പഠനത്തിൽ കണ്ടെത്തിയതിനെ തുട‍ർന്നാണ് അങ്കമാലി റെയിൽവേ സ്റ്റേഷൻ പദ്ധതിയിൽനിന്ന് ഒഴിവാക്കാനുള്ള കെഎംആർഎല്ലിൻ്റെ തീരുമാനം. മെട്രോ അലൈൻമെൻ്റിൽ അങ്കമാലി റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം വ്യാപാരികളും അങ്കമാലി മെട്രോ ആക്ഷൻ കൗൺസിലും ഉന്നയിച്ചിരുന്നു. അതേസമയം കെഎംആർഎൽ സമർപ്പിച്ച ഡിപിആർ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലാണ്. അങ്കമാലി റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തി ഡിപിആർ പരിഷ്കരിക്കണമെന്ന് സർക്കാർ നിർദേശിക്കുമോ എന്ന് കണ്ടറിയണം.


Leave a Reply

Your email address will not be published. Required fields are marked *