ഇടുക്കിയില്‍ ചക്കക്കൊമ്പന്‍റെ ആക്രമണം; കര്‍ഷകന് ദാരുണാന്ത്യം


ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. പൂപ്പാറ സ്വദേശി വി.വി.വിജയനാണ് കൊല്ലപ്പെട്ടത്. ഏലത്തോട്ടത്തില്‍ കാവലിരുന്ന് പുലര്‍ച്ചെ മടങ്ങവേയാണ് വിജയനെ ചക്കക്കൊമ്പന്‍ ആക്രമിച്ചത്. നാലുമാസത്തിനിടെ നാലാമത്തെയാളാണ് പൂപ്പാറയില്‍ കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെടുന്നത്. വനംവകുപ്പും നാട്ടുകാരും പ്രദേശത്തുണ്ട്. പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ ഇന്നലെ രാത്രിയുണ്ടായ  കാട്ടാന ആക്രമണത്തലും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.  വിനോദ സഞ്ചാരത്തിന് എത്തിയ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശിനി ബുഷറയാണ് മരിച്ചത്.  ബുഷറയും കുടുംബവും ഉൾപ്പെടുന്ന വിനോദയാത്ര സംഘം പുഴയിൽ ഇറങ്ങി നിൽക്കുകയായിരുന്നു. തേക്കുവട്ട ഭാഗത്ത് നിന്ന് പുഴ ലക്ഷ്യമാക്കി കാട്ടാനകൾ വരുന്നുണ്ട് എന്ന് വനപാലകരും ആർആർടി സംഘവും മുന്നറിയിപ്പ് നൽകിയിട്ടും ഇവർ മാറിയില്ലെന്നാണ് ആക്ഷേപം. പാഞ്ഞെത്തിയ കാട്ടാന ബുഷറയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റതോടെ ആദ്യം താവളത്തെയും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ബുഷറയുടെ ജീവന്‍ രക്ഷിക്കാനായില്ല.


Leave a Reply

Your email address will not be published. Required fields are marked *