വൈദ്യുതി പ്രതിസന്ധിയില്ലെന്ന് കെഎസ്ഇബി; ‘ക്ഷാമം’ ബോധപൂര്‍വം? രാജമാണിക്യത്തിന്‍റെ നടപടിയില്‍ അന്വേഷണം


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെന്നത് ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപം. നിലവില്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കുകള്‍. 5000 മെഗാവാട്ട് വൈദ്യുതി വരെ മുടക്കമില്ലാതെ കിട്ടുന്നതിനുള്ള നടപടികളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. പത്ത് ദിവസത്തിനുള്ളില്‍ ജനുവരി മുതല്‍ വൈദ്യുതി ലഭിക്കുന്ന എന്‍.ടി.പി.സി വഴിയുള്ള 540 മെഗാവാട്ടിന്‍റെ കരാറിലും ഒപ്പിടും. ഇതോടെ ഹിമാചല്‍ വൈദ്യുതി വാങ്ങാന്‍ രണ്ട് തവണ സര്‍ക്കാരിന് കത്തെഴുതിയ മുന്‍ ചെയര്‍മാന്‍ എം.ജി രാജമാണിക്യത്തിന്‍റെ നടപടിയില്‍ വിശദമായ അന്വേഷണമുണ്ടാവും.  നിലവിലെ കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.പ്രശാന്തും, സ്വതന്ത്ര അംഗം ഒഴികെയുള്ള ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളും ചേര്‍ന്നാകും നടപടി വിലയിരുത്തുക. 1700 മെഗാവാട്ട് ആഭ്യന്തര ഉല്‍പാദനത്തിലൂടെയും കേന്ദ്രവിഹിതമായി 1650 മെഗാവാട്ടും ദീര്‍ഘകാല കരാര്‍ വഴി 650 ഉം മധ്യകാല കരാര്‍ വഴി 77 മെഗാവാട്ടും തല്‍സമയ വിപണി വഴി മുന്നൂറിലേറെ മെഗാവാട്ടും ഉറപ്പായും ലഭിക്കുന്നുണ്ട്. പവര്‍ എക്സ്ചേഞ്ച് വഴി മതിയായ വൈദ്യുതി കിട്ടുന്ന സാഹചര്യം കൂടിയാവുമ്പോള്‍ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. നവംബറിലെ ഉപഭോഗം പരമാവധി 90.93 ദശലക്ഷം യൂണിറ്റാണ്. പന്ത്രണ്ട് ദശലക്ഷമാണ് ആഭ്യന്തര ഉല്‍പാദനം. എണ്‍പത്തി ഒന്ന് ശതമാനം വൈദ്യുതിയും പുറത്ത് നിന്നാണ് വാങ്ങുന്നത്. ഡാമുകളിലെ ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഉയര്‍ന്നിട്ടില്ലെങ്കിലും പ്രതീക്ഷ നല്‍കുന്നതാണ്. 2025 നവംബറില്‍ എണ്‍പത്തി ഒന്ന് ശതമാനത്തിലേറെ ജലനിരപ്പുണ്ടായിരുന്നു. ഇത്തവണ അറുപത്തി ആറ് ശതമാനമായി ചുരുങ്ങി. കെ.എസ്.ഇ.ബി നിയന്ത്രിത ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലുള്‍പ്പെടെ മഴ ശക്തമായതിനാല്‍ നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിലെ മഴ. പവര്‍ എക്സ്ചേഞ്ചിലെ വൈദ്യുതി ലഭ്യത. ഡിസംബര്‍ വരെ പ്രതിസന്ധിയുണ്ടാവില്ലെന്ന് പറയുന്നതിന്‍റെ യാഥാര്‍ഥ്യം. 5.18 പൈസ നിരക്കില്‍ ഇരുപത്തി അഞ്ച് വര്‍ഷത്തേക്ക് 540 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന എന്‍.ടി.പി.സിയുടെ കരാര്‍ ഉറപ്പിച്ചാല്‍ ജനുവരി തുടങ്ങി കൂടുതല്‍ ആശ്വാസമാവും. അതേസമയം, ജിഎന്‍എ വൈദ്യുതി വിവാദത്തിലെ അതൃപ്തി പരസ്യമായി തന്നെ വ്യക്തമാക്കുന്നതായിരുന്നു വകുപ്പ് മന്ത്രി ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. GNA വൈദ്യുതി വാങ്ങില്ലെന്ന തീരുമാനം അറിഞ്ഞത് വാര്‍ത്തകളില്‍ നിന്നാണ്. മുഖ്യമന്ത്രി– കെഎസ്ഇബി ചെയര്‍മാന്‍ കൂടിക്കാഴ്ചയും വാര്‍ത്തകളില്‍ നിന്നാണ് അറിഞ്ഞതെന്നും സണ്ണി ജോസഫ് തുറന്നടിച്ചിരുന്നു. ജിഎന്‍എ വൈദ്യുതി കരാറുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന കെഎസ്ഇബിയുടെ തീരുമാനം ചെയര്‍മാന്‍ എന്‍.പ്രശാന്ത് നേരിട്ടാണ് മുഖ്യമന്ത്രിയെ അറിയിച്ചത്. റഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കാന്‍ സാധ്യതയില്ലെന്ന വിലയിരുത്തലും ജിഎന്‍എ വഴിയുള്ള വൈദ്യുതി ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. ഓണ്‍ലൈനിലൂടെ ദൈനംദിന കാര്യങ്ങള്‍ കഴിഞ്ഞദിവസവും മന്ത്രിയുമായി ചെയര്‍മാന്‍ ചര്‍ച്ച ചെയ്തെങ്കിലും ജിഎന്‍എ വിഷയം പറഞ്ഞിരുന്നില്ല.


Leave a Reply

Your email address will not be published. Required fields are marked *