തൃശൂർ കുന്നംകുളത്ത് മിന്നൽ ചുഴലി; പ്രദേശത്ത് വന്‍‌ നാശനഷ്ടം


തൃശൂർ കുന്നംകുളത്ത് മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കാട്ടകാമ്പാൽ പഞ്ചായത്തിൽ ഇന്ന് പുലർച്ചെയാണ് കനത്ത മഴയും കാറ്റുമുണ്ടായത്. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.തൃശൂരിന്റെ വിവിധ പ്രദേശങ്ങളിൽ വേനൽ മഴ ശക്തമായതോടെയാണ് കുന്നംകുളം മേഖലയിൽ മിന്നൽ ചുഴലിയും അനുഭവപ്പെട്ടത്. അർദ്ധ രാത്രി മുതൽ തുടങ്ങിയ കനത്ത മഴയ്ക്കിടെ പുലർച്ചെ 3.30യോടെയാണ് കാട്ടാകാമ്പാൽ മേഖലയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതിന് പിന്നാലെ പലയിടങ്ങളിൽ വൻ മരങ്ങളടക്കം കട പുഴകി വീണു. പ്രദേശത്തെ 15 വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുകളിലേക്ക് മരങ്ങൾ വീണു. ചിറയിൻകാട്‌ പള്ളിക്കര വിജയൻ, എരണ്ടക്കാട്ട്‌ കുഞ്ഞുമോൾ, അത്തമൻ വീട്ടിൽ സുഫൈർ തുടങ്ങിവരുടെ വീടുകളാണ് ഇതേ തുടർന്ന് ഭാഗീകമായി തകർന്നത്. പ്രദേശത്തെ ഇലട്രിക് പോസ്റ്റുകളും തകർന്നതോടെ വൈദ്യുത ബന്ധവും തകരാറിലായിരിക്കുകയാണ്

മിന്നൽ ചുഴലിയെ തുടർന്നുണ്ടായ അപകടങ്ങൾക്കൊപ്പം വലിയ കൃഷിനാശവും പ്രദേശത്ത് സംഭവിച്ചിട്ടുണ്ടെന്നാണ് ജനങ്ങളുടെ പരാതി. വൈദ്യുതി ബന്ധം ഉച്ചയോടെ പുനസ്ഥാപിക്കുമെന്നും നാശനഷ്ടങ്ങളും കൃഷി നാശവും സംഭവിച്ചവർക്ക് പരിശോധനകൾ പൂർത്തിയാക്കി നഷ്ടപരിഹാരം അനുവദിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *