സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലും ലഹരി ഉപയോഗം വ്യാപകം; നിരീക്ഷണം ശക്തമാക്കുമെന്ന് എഡിജിപി


സിനിമ സെറ്റുകളിലും താരങ്ങളുടെ കാരവാനുകളിലുമടക്കം ലഹരി ഉപയോഗം വ്യാപകമാണെന്ന് വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രത്യേക നിരീക്ഷണത്തിന് സംവിധാനമുണ്ടാക്കിയെന്നും വിതരണക്കാരെ പിടികൂടുന്നതിനായി നീക്കം തുടങ്ങിയെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണ്. കൃത്യമായ വിവരം ഇതുസംബന്ധിച്ച് പൊലീസിനുണ്ട്. സിനിമ സെറ്റുകളിൽ നിരീക്ഷണം ശക്തമാക്കും. ഷൈൻ ടോം ചാക്കോയ്ക്കെതിരെ വെളിപ്പെടുത്തൽ നടത്തിയ നടിയുമായി പൊലീസ് ഇന്ന് സംസാരിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സിനിമ സെറ്റുകളിൽ ലഹരി ഉപയോഗിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ സത്യവാങ് മൂലം എഴുതി വാങ്ങണം. സിനിമ സെറ്റുകളിലെ അടക്കം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരാതി പറയാൻ മടിക്കരുതെന്നും പരാതിക്കാര്‍ക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും സിനിമ മേഖലയാണ് ഇക്കാര്യത്തിൽ മാതൃക പ്രവർത്തനം നടത്തേണ്ടതെന്നും സംഘടകളും പൊലീസുമായി യോഗം ചേരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ് വേഗത്തിൽ തീര്‍ക്കാൻ ലഹരി ഉപയോഗിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. കാരവാനുകളിലും ഹോട്ടലുകളിലുമെല്ലാം ലഹരി ഉപയോഗം നടക്കുന്നുണ്ട്. ഹോട്ടലുകളിൽ ഷൂട്ടിങ് നടക്കുമ്പോഴുള്ള പാര്‍ട്ടികളിലും ഡിജെ പാര്‍ട്ടികളിലും ലഹരി ഉപയോഗമുണ്ട്. അമ്മയടക്കമുള്ള സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും പൊലീസ് യോഗം വിളിച്ചിട്ടുണ്ട്.

അവരോടൊപ്പം ചേര്‍ന്നുകൊണ്ടും ലഹരിക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് പൊലീസ് നിരീക്ഷണം നടത്തും. ഷൈൻ ടോം ചാക്കോയുടെ കേസുമായി ബന്ധപ്പെട്ട്  മൊഴികള്‍ എടുത്തിട്ടുണ്ട്. ആരൊക്കെയാണ് ഹോട്ടലിൽ വന്നതെന്നകാര്യത്തിലടക്കം മൊഴികളിലെടുത്തിട്ടുണ്ട്. ഇതിന് പിന്നിൽ വലിയ റാക്കറ്റ് ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഇപ്പോള്‍ ലഹരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ കൂടുതലായി ജനങ്ങള്‍ മുന്നോട്ടുവരുന്നുണ്ട്. അതുപോലെ സിനിമ മേഖലയിലും ഇത്തരം പരാതികള്‍ ഗൗരവമായി തന്നെ അന്വേഷിക്കുമെന്നും മനോജ് എബ്രഹാം പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *