28.04.2025: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി (AKMG-Association of Kerala Medical Graduates)എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പനെ എകെഎംജിയുടെ MARAAYA 2025 ബൈന്വല്‍ കണ്‍വെന്‍ഷനില്‍ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. റാസല്‍ഖൈമയിലെ കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ ലോകമെമ്പാടുമുള്ള പ്രമുഖ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും, പ്രതിനിധികളും പങ്കെടുത്തു.
ആരോഗ്യ പരിചരണ മേഖലയിലെ, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും, മികച്ച സംഭാവനകളും, ഒപ്പം എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതിലും സംഘടനയെ വളര്‍ത്തുന്നതിലും വഹിച്ച നിര്‍ണായക പങ്കും പരിഗണിച്ചാണ് ഡോ.ആസാദ് മൂപ്പന് അവാര്‍ഡ് നല്‍കി ആദരിച്ചത്. എകെഎംജി എമിറേറ്റ്‌സ് സ്ഥാപിക്കുന്നതില്‍ ഡോ. ആസാദ് മൂപ്പന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകളും, നിരന്തരമായ സമര്‍പ്പണവും ഏറെ നിര്‍ണായകമായിരുന്നു, കൂടാതെ അദ്ദേഹത്തിന്റെ നേതൃപാഠവം അസോസിയേഷന്റെ തുടര്‍ച്ചയായ വിജയത്തിന്റെ അടിത്തറയായി നിലകൊള്ളുകയും ചെയ്തു.
പല ദശാബ്ദങ്ങളിലൂടെ, എകെഎംജി കൈവരിച്ച വളര്‍ച്ചയും, ആഗോളരംഗത്തെ കൂട്ടായ്മകളുടെ വിപുലീകരണവും, യുഎഇയില്‍ എകെഎംജി എമിറേറ്റ്‌സിന്റെ വളര്‍ച്ചയും മലയാളി ഡോക്ടര്‍മാര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന അംഗീകാരവും, നേട്ടങ്ങളും വ്യക്തമാക്കുന്നതാണെന്ന് അവാര്‍ഡ് നേട്ടത്തെക്കുറിച്ച് സംസാരിച്ച, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, എകെഎംജി എമിറേറ്റ്‌സിന്റെ സ്ഥാപക പ്രസിഡന്റുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ക്ലിനിക്കല്‍ രംഗത്തെ മികവ് മാത്രമല്ല, നേതൃത്വം, സാമൂഹിക വളര്‍ച്ച, വിവിധ ഭൂഖണ്ഡങ്ങളിലെ മാനൂഷികമായ സംഭാവനകള്‍ എന്നിവയിലും ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ സജീവമാണ്. നമ്മുടെ യുവ ഹെല്‍ത്ത് കെയര്‍ പ്രോഫഷണലുകളുടെ തുടര്‍ച്ചയായ സമര്‍പ്പണം കാരണം, വരും വര്‍ഷങ്ങളില്‍ മലയാളി ഡോക്ടര്‍മാര്‍ ആഗോള ആരോഗ്യ പരിചരണ രംഗത്ത് അവരുടെ സ്വാധീനം കൂടുതല്‍ ഉയര്‍ത്തുമെന്നും, വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നുറപ്പുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ യാത്രയില്‍ സുപ്രധാന പിന്തുണ നല്‍കിയ എകെഎംജി എമിറേറ്റ്‌സില്‍ നിന്ന് ലഭിച്ച ഈ അംഗീകാരം ഏറെ വിനയത്തോടെ സ്വീകരിക്കുന്നു. എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ പുരോഗതിയില്‍ എപ്പോഴും വിശ്വസിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍, ലോകമെമ്പാടും ആരോഗ്യ പരിചരണ രംഗത്തിന്റെ നിലവാരവും, പ്രൊഫഷണല്‍ മികവും ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എകെഎംജി കുടുംബത്തിന്റെ എല്ലാ അംഗങ്ങളുമായി ഈ അവാര്‍ഡ് പങ്കുവയ്ക്കുന്നതായും ഡോ.ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.
ഡോ. ആസാദ് മൂപ്പന്‍, 1987-ല്‍ ദുബായില്‍ ആരംഭിച്ച ഒരു ക്ലിനിക്കിലൂടെയാണ് അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്. ഉയര്‍ന്ന ഗുണനിലവാരമുളള ആരോഗ്യ പരിചരണം എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ അനായാസം ലഭ്യമാകുന്ന നിലയില്‍ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, മുന്നേറിയ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനെ ഏഴ് രാജ്യങ്ങളിലായി 927-ലധികം യൂണിറ്റുകളുള്ള ഒരു ആഗോള ആരോഗ്യ പരിചരണ ശൃംഖലയാക്കി ഡോ. ആസാദ് മൂപ്പന്‍ ഇന്ന് മാറ്റിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ ആരോഗ്യ പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഉയര്‍ന്ന നിലവാരത്തോടെയുള്ള പരിചരണം, എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ ലഭ്യമാക്കാന്‍ ഈ സംരംഭങ്ങള്‍ക്ക് സാധിച്ചു. ഇന്ന്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസിയിലെയും, ഇന്ത്യയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ പരിചരണ സേവനദാതാക്കളിലൊന്നായി ഉയര്‍ന്നിരിക്കുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഇന്ന് 38,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കുകയും, വര്‍ഷത്തില്‍ 20 മില്ല്യണ്‍ ജീവിതങ്ങളെ സ്പര്‍ശിക്കുകയും ചെയ്യുന്നു. ജിസിസിയില്‍ ആസ്റ്ററിന്റെ ശൃംഖലയില്‍ 15 ഹോസ്പിറ്റലുകള്‍, 122 ക്ലിനിക്കുകള്‍, 313 ഫാര്‍മസികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. കൂടാതെ ആസ്റ്ററിന്റെ എല്ലാ സേവനങ്ങളും സംയോജിപ്പിക്കുന്ന myAster എന്ന ഏകജാലക ഡിജിറ്റല്‍ ഹെല്‍ത്ത് പ്‌ളാറ്റ്‌ഫോമുമുണ്ട്. ഇന്ത്യയില്‍, ആസ്റ്ററിന് 5 സംസ്ഥാനങ്ങളിലായി 19 ഹോസ്പിറ്റലുകള്‍, 13 ക്ലിനിക്കുകള്‍, 203 ഫാര്‍മസികള്‍, കൂടാതെ 254 ലാബുകള്‍, പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ എന്നിവയുണ്ട്. ആരോഗ്യ പരിചരണ രംഗത്തെ ഒരു ബിസിനസ് എന്നതിലൂപരി ഒരു സാമൂഹ്യ സേവന ദൗത്യമായാണ് ഡോ. ആസാദ് മൂപ്പന്‍ കാണുന്നത്.
1979-80ല്‍ സ്ഥാപിതമായ Association of Kerala Medical Graduates (AKMG), നോര്‍ത്ത് അമേരിക്കയിലെ കേരളീയ മെഡിക്കല്‍, ഡെന്റല്‍ പ്രൊഫഷണല്‍സിന്റെ അലുംനി സംഘടനകളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. വര്‍ഷങ്ങളായി, ഒരു ആഗോള ശൃംഖലയായി വളര്‍ന്നിരിക്കുന്ന എകഎംജി, വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, എന്നിവയ്ക്കും വിവിധ ഭൂഖണ്ഡങ്ങളിലെ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളും തമ്മിലുള്ള ശക്തമായ പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും പ്രതിജ്ഞാബദ്ധമാണ്