ഓപ്പറേഷൻ സിന്ദൂർ: അതീവ ജാഗ്രതയിൽ രാജ്യം, ഉത്തർപ്രദേശിൽ റെഡ് അലർട്ട്, അതിർത്തിയിൽ നിയന്ത്രണങ്ങൾ


പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ യുപി പൊലീസ് സംവിധാനങ്ങളും പ്രതിരോധ യൂണിറ്റുകളുമായി ഏകോപിപ്പിക്കാനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകിയതായി യുപി ഡിജിപി എക്‌സിൽ അറിയിച്ചു. കനത്ത നിയന്ത്രണങ്ങളാണ് അതിർത്തി പ്രദേശങ്ങളിലുള്ളത്.

26 നിരപരാധികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക്കിസ്ഥാനിലും പാക്ക് അധീന കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം പുലർച്ചെ ശക്തമായ മിസൈൽ അക്രമണം നടത്തി. നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഭീകര പരിശീലന കേന്ദ്രങ്ങൾ ചാരമായി.  ലഷ്കറെ തൊയ്ബ,ജെയ്ഷെ മുഹമ്മദ് , ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളുടെ താവളങ്ങൾ ആണ് തകർന്നത്.  പുലർച്ചെ 1.44 നായിരുന്നു കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ‌ സിന്ദൂർ’ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഭീകര താവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും പ്രത്യാക്രമണത്തിന് പിന്നാലെ സൈന്യം വിശദീകരിച്ചു. ആക്രമണം സ്ഥിരീകരിച്ച പാകിസ്ഥാൻ കൊല്ലപ്പെട്ടവർ നിരപരാധികൾ ആണെന്ന വാദവുമായി രംഗത്തെത്തി. ഏപ്രിൽ 22 ന് ആയിരുന്നു പഹൽഗാമിലെ ബൈസരൺവാലിയിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 പേരെയാണ് മതം ചോദിച്ച് ഭീകര സംഘം ഉറ്റവരുടെ കണ്മുന്നിൽ വെടിവെച്ചു കൊന്നത്.


Leave a Reply

Your email address will not be published. Required fields are marked *