• Fri. Sep 20th, 2024
Top Tags

ദേശീയപാത വികസനത്തോടൊപ്പം ആണൂരിൽ അപകടം കുറയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ.

Bydesk

Jan 25, 2022

കരിവെള്ളൂർ: ദേശീയപാത വികസനത്തോടൊപ്പം ആണൂരിൽ അപകടം കുറയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. ദേശീയപാതയിൽ ആണൂരിലെ വലിയ വളവും കണ്ണൂർ – കാസർകോട് ജില്ലാ അതിർത്തിയിലെ ഇടുങ്ങിയ കാലിക്കടവ് പാലവും അപകടത്തിനു വഴിയൊരുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ദേശീയപാത വികസിക്കുന്നതോടെ വളവും ഇടുങ്ങിയ പാലവും ഇല്ലാതാകും. ഇവിടെ റോഡപകടം ഒരു പതിവു കാഴ്ചയായിരുന്നു.

ആണൂർ വളവിലെ റോഡപകടത്തിൽ ഒട്ടേറെ ജീവനുകളാണു നഷ്ടപ്പെട്ടത്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. രാത്രികാലങ്ങളിൽ വളവ് പലപ്പോഴും വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപെടാറില്ല. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ ഇവിടെ പുരോഗമിക്കുകയാണ്. റോഡിന്റെ ഇരുഭാഗങ്ങളിലുമായി വീതി കൂട്ടിയിരിക്കുന്നു. ദേശീയപാതയിലെ ഇടുങ്ങിയ കാലിക്കടവ് പാലം കാലപ്പഴക്കത്താൽ അപകട ഭീഷണി ഉയർത്തുകയാണ്.

ഇരു ഭാഗങ്ങളിൽ നിന്നും ഭാരവാഹനങ്ങൾ വന്നാൽ ഒരുമിച്ചു കടന്നു പോകാൻ പ്രയാസമാണ്. വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയപ്പെടുത്തിയാണ് പാലം കടക്കുന്നത്. കാലിക്കടവ് പാലത്തിലും അപകടം ഒരു പതിവു കാഴ്ചയാണ്. ആണൂരിലെ വളവ് നികത്തണമെന്നതും കാലിക്കടവ് പാലം പുതുക്കി പണിയണമെന്നതും നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യമാണ്. ദേശീയപാതയുടെ വികസനം നടപ്പിലാകുന്നതോടെ നാട്ടുകാരുടെ ആവശ്യം കൂടിയാണു നിറവേറുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *