നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി.
ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു.
ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗൽ അഡ്വൈസർ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര സർക്കാരുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്കാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിന്റെ രണ്ടു പ്രതിനിധികളും സംഘത്തിൽ ഉണ്ടാവണമെന്ന് ഞങ്ങൾ അറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുക. ആരുടെ പ്രവർത്തനങ്ങളാണ് ഫലം കാണുക എന്ന് സുപ്രീംകോടതി പരാമർശിച്ചിരുന്നു. യാത്രാനുമതിക്കായി നാല് പേർ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് ഉടൻ തന്നെ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ കുറിച്ച് സുപ്രീംകോടതിയിൽ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. കാന്തപുരത്തിന്റെ ഇടപെടലിനെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എതിർത്തില്ല. യെമനിലേക്കുള്ള യാത്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.