• Thu. Sep 19th, 2024
Top Tags

ചരക്കുലോറിയിൽ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്നു പേരെ പോലീസ് പിടികൂടി..

Bydesk

Jan 31, 2022

തൃശൂർ: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷും സംഘവും പിടികൂടി.

കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37) എന്നിവരാണ് അറസ്റ്റിലായത്. KL 72 8224 നമ്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ കൊടകരയിൽ പോലീസിന്റെ പിടിയിലായത്.

പിടിയിലായവരിൽ ഷാഹിൻ കൊള്ള സംഘത്തോടൊപ്പം ചേർന്ന് പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഒല്ലൂരിൽ വച്ച് പച്ചക്കറി വ്യാപാരിയെ ആക്രമിച്ച് അരക്കോടി രൂപയോളം കവർച്ച ചെയ്ത കേസിൽ പ്രതിയാണ്. തൃശൂർ പോലീസിന്റെ മിഷൻ ഡിഎഡി (ഡ്രൈവ് എഗൈൻസ്റ്റ് ഡ്രഗ്) പദ്ധതി പ്രകാരം ചാലക്കുടി ഡിവൈഎസ്‌പി സി ആർ സന്തോഷിന്റെയും കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലന്റെയും നേതൃത്വത്തിൽ കൊടകരയിൽ തിങ്കളാഴ്ച പുലർച്ചെ മുതൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്.

ആന്ധ്രയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേൽത്തരം ഗ്രീൻ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയിലെ അനക്കാപ്പള്ളിയിൽ നിന്ന് ചരക്കുലോറിയിൽ പാക്കറ്റുകളാക്കി കടലാസ് പെട്ടികൾ കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.

ചാലക്കുടി ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ , ജിനുമോൻ തച്ചേത്ത്, സി എ ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി യു സിൽജോ, എ യു റെജി, എം ജെ ബിനു, ഷിജോ തോമസ്, സൈബർ സെൽ ഉദ്യോഗസ്ഥനായ സനൂപ് എന്നിവരടങ്ങിയ സംഘം ഏതാനും ദിവസങ്ങളായി നാഷണൽ ഹൈവേയും മറ്റും കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു.

ഇതിന്റെ ഫലമായാണ് കഞ്ചാവ് കടത്തു സംഘത്തിന്റെ വാഹനം കണ്ടെത്താനായത്. ഹൈവേയിലൂടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ലോറി തടഞ്ഞു നിർത്തി പരിശോധിക്കാൻ കൊടകര സ്റ്റേഷനിലെ എസ്ഐ ജെ ജെയ്സൺ, അഡീഷണൽ എസ്ഐ പി ക ബാബു, റെജി മോൻ, സീനിയർ സിപിഒമാരായ എം എസ് ബൈജു, ലിജോൺ, കെ ടി ആന്റണി എന്നിവരടങ്ങിയ സംഘവുമുണ്ടായിരുന്നു. ചാലക്കുടി തഹസീൽദാർ ഇ എൻ രാജുവിന്റെ സാന്നിധ്യത്തിലാണ് ലോറി തടഞ്ഞ് ലോറിയുടെ പിൻഭാഗം തുറന്ന് പരിശോധന നടത്തിയത്.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ ചാലക്കുടി ഡിവൈഎസ്‌പി യുടെ നേതൃത്വത്തിൽ എഴുനൂറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയിരുന്നു. പിടിയിലായവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *