• Fri. Sep 20th, 2024
Top Tags

ശബ്ദമുണ്ടാക്കുന്ന വണ്ടികള്‍ പിടിച്ചെടുക്കും; ഓപ്പറേഷന്‍ സൈലന്‍സുമായി മോട്ടോർ വാഹന വകുപ്പ്

Bydesk

Feb 21, 2022

വാഹനങ്ങളിലെ അനധികൃത മാറ്റങ്ങള്‍ റോഡ് സുരക്ഷക്ക് എന്നും ഭീഷണിയാണ്. നിയമ ലംഘനങ്ങള്‍ നിരത്തിലെ മറ്റു റോഡുപയോക്താക്കളെയാണ് ബാധിക്കുന്നത്. അനധികൃത മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ പ്രത്യേകിച്ച് കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലന്‍സറുകള്‍ മാറ്റി ഒരു ചെറിയ വിഭാഗം നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകള്‍ സഹ റോഡുപയോക്താക്കള്‍ എന്ന നിലയില്‍ നിന്നും മാറി, വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയായിട്ടുണ്ട്.

ഇത്തരം നിയമ ലംഘകര്‍ റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്കു പുറമെ ഉണ്ടാക്കുന്ന തീവ്ര ശബ്ദങ്ങള്‍ ശിശുക്കള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഹൃദ്രോഗികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണി കൂടിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരം നിയമ ലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചത്. തുടര്‍ന്ന് പൊതുജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതമാകുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ക്കതിരെ നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും എംവിഡി അറിയിച്ചു.

പരിമിതമായ അംഗ സംഖ്യയുള്ള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങള്‍ തടയാനാവില്ലെന്നും, പൊതുജനങ്ങളുടെ സഹായം കൂടി വേണമെന്നും എംവിഡി അഭ്യര്‍ത്ഥിച്ചു. വാഹനങ്ങള്‍ റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക , സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം,മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ, ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍, ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നല്‍കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *