• Sat. Oct 19th, 2024
Top Tags

സ്‌കൂള്‍വിക്കി;സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ക്കായി സ്‌കൂളുകള്‍ക്ക് മാര്‍ച്ച്‌ 15 വരെ വിവരങ്ങള്‍ പുതുക്കാം

Bydesk

Mar 5, 2022

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂള്‍വിക്കി (www.schoolwiki.in) പോര്‍ട്ടലില്‍ സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ക്കായി സ്‌കൂളുകള്‍ക്ക് മാര്‍ച്ച്‌ 15 വരെ വിവരങ്ങള്‍ പുതുക്കാം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങള്‍, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങള്‍, പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ തുടങ്ങി സ്‌കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശം എന്നതോടൊപ്പം വിദ്യാര്‍ത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമായും സ്‌കൂള്‍വിക്കി പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ ഒന്നരലക്ഷത്തിലധികം ലേഖനങ്ങളും നാല്പത്തിനാലായിരം ഉപയോക്താക്കളുമുള്ള സ്‌കൂള്‍വിക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവര സംഭരണിയാണ്.ഏറ്റവും മികച്ച രീതിയില്‍ സ്‌കൂള്‍വിക്കി പേജുകള്‍ പരിപാലിക്കുന്ന സ്‌കൂളുകള്‍ക്ക് സംസ്ഥാനതലത്തില്‍ 1.5 ലക്ഷം, 1 ലക്ഷം, 75,000 രൂപ വീതവും ജില്ലാതലത്തില്‍ 25,000, 15,000, 10,000 രൂപയും അവാര്‍ഡുകള്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു.

ഇന്‍ഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, ചിത്രങ്ങള്‍, നാവിഗേഷന്‍, സ്‌കൂള്‍ മാപ്പ്, ക്ലബ്ബുകള്‍ തുടങ്ങിയ ഇരുപത് അവാര്‍ഡ് മാനദണ്ഡങ്ങളും കൈറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. മീഡിയാ വിക്കിയുടെ പുതിയ പതിപ്പിലേക്ക് മാറിയതോടെ സ്‌കൂള്‍വിക്കിയില്‍ വിഷ്വല്‍ എഡിറ്റിംഗ് സൗകര്യമുള്‍പ്പെടെ ലഭ്യമാക്കുകയും വേഗതയും കാര്യക്ഷമതയും കൂടുകയും ചെയ്തിട്ടുണ്ട്. പുതിയ സംവിധാനത്തില്‍ 11,561 സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കൈറ്റ് ഈ വര്‍ഷം പരിശീലനം നല്‍കിക്കഴിഞ്ഞു.

പങ്കാളിത്ത രീതിയില്‍ വിവരശേഖരണം സാധ്യമാക്കുന്ന സ്‌കൂള്‍വിക്കിയില്‍ ഓരോ സ്‌കൂളിലേയും പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തിനും വിവരങ്ങള്‍ നല്‍കാന്‍ സംവിധാനമേര്‍പ്പെടുത്തണമെന്നും സ്‌കൂള്‍തല എഡിറ്റോറിയല്‍ ടീം ഇത് പരിശോധിച്ച്‌ തുടര്‍നടപടികളെടുക്കണമെന്നും നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്‌കൂള്‍വിക്കിയിലെ ഉള്ളടക്കങ്ങള്‍ സ്വതന്ത്രാവകാശത്തോടെ പൊതു സഞ്ചയത്തില്‍ ലഭിക്കേണ്ടതായതിനാല്‍ പകര്‍പ്പവകാശ ലംഘനം ഉണ്ടാകുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ‘സ്‌കൂള്‍വിക്കി’ പേജുകള്‍ പ്രത്യേകം പരിശോധിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

2017ലെ സംസ്ഥാന കലോത്സവം മുതലുള്ള കലോത്സവത്തിലെ രചനചിത്ര കാര്‍ട്ടൂണ്‍ മത്സരങ്ങളുടെ സൃഷ്ടികള്‍, കോവിഡ് കാലത്തെ ‘അക്ഷരവൃക്ഷം’ രചനകള്‍, രണ്ടായിരത്തിലധികം സ്‌കൂളുകളുടെ ഡിജിറ്റല്‍ മാഗസിനുകള്‍, നവംബറില്‍ നടത്തിയ തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സര രചനകള്‍ എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ സ്‌കൂള്‍വിക്കിയിലുണ്ട്. 2010 ലെ സ്‌റ്റോക്‌ഹോം ചലഞ്ച് അന്താരാഷ്ട്ര പുരസ്‌കാരം മുതല്‍ 2020ലെ ഡിജിറ്റല്‍ ടെക്‌നോളജി സഭ എക്‌സലന്‍സ് അവാര്‍ഡ് വരെ പത്തിലധികം പുരസ്‌കാരങ്ങളും സ്‌കൂള്‍വിക്കിക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *