• Fri. Sep 20th, 2024
Top Tags

ടൂറിസം ഭൂപടത്തിൽ ഇടം നേടുമോ പെരുമ്പാറക്കടവ് ?

Bydesk

Mar 30, 2022

ശ്രീകണ്ഠപുരം∙ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പെരുമ്പാറക്കടവ് കണ്ണൂരിന്റെ ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമോ? ഒരു ഭാഗത്ത് ചെങ്ങളായി പഞ്ചായത്തിലെ ഏക ദ്വീപായ തേർളായി. മറ്റൊരു ഭാഗത്ത് കണ്ടക്കൈ ബസ് സ്റ്റോപ്പ്. കണ്ണൂരിൽ നിന്ന് ഇടയ്ക്കിടെ വന്നു യാത്രക്കാരെ കടവിൽ ഇറക്കി തിരിച്ചു പോകുന്ന കണ്ടക്കൈ ബസ്. ജനത്തിരക്കോ ബഹളമോ ഇല്ലാത്ത ശാന്തമായ അന്തരീക്ഷം. ഒരു കാലത്ത് വളരെ സജീവമായിരുന്ന കടത്ത് തോണി ഇപ്പോൾ പേരിനു മാത്രം. പണ്ട് ഈ കടവിൽ എത്തിയാൽ തോണികാത്ത് കരയിൽ നിൽക്കുന്ന നിരവധി പേർ ഉണ്ടാകും. അന്ന് വലിയ തോണി ആയിരുന്നു.

ചെങ്ങളായി മയ്യിൽ പഞ്ചായത്തുകൾ ചേർന്ന് നടത്തിയിരുന്ന കടവായിരുന്നു ഇത്. ഇപ്പോൾ പരിസര പ്രദേശങ്ങളിൽ പാലങ്ങൾ വന്നതോടെ അപൂർവം ചിലർ മാത്രമാണ് കടവ് കടക്കാൻ തോണിയെ ആശ്രയിക്കുന്നത്. ഒരു കാലത്ത് ഇതു വഴി ബോട്ട് സർവീസ് ഉണ്ടായിരുന്നു. വളപട്ടണത്ത് നിന്ന് ഇതു വഴി കടന്നു പോയിരുന്ന ബോട്ടുകളിൽ ഇവിടെ എത്തിയവർ നിരവധിയാണ്. വളപട്ടണത്ത് ട്രെയിനിൽ എത്തി ബോട്ടു വഴി ചെങ്ങളായി, കൊയ്യം, മലപ്പട്ടം, കണ്ടക്കൈ, വേളം, കയരളം ഭാഗത്ത് എത്തിയിരുന്ന നിരവധി പേർ ഉണ്ടായിരുന്നു.

ഇന്ന് ഈ പ്രദേശം ചെറുകിട ടൂറിസം പദ്ധതി കാത്തിരിക്കുന്നു. ഒന്നോ, രണ്ടോ ഉല്ലാസ ബോട്ടുകൾ മാത്രം ഇവിടെ ഏർപ്പെടുത്തിയാൽ തന്നെ വിപ്ലവകരമായ ടൂറിസം വികസനം നടക്കും. വളക്കൈ മുതൽ കൊയ്യം വരെ വിവിധ ഗ്രാമങ്ങളിൽ താമസിക്കുന്നവരും, കണ്ടക്കൈ, വേളം, കയരളം, തേർളായി, മണക്കാട് ഭാഗത്ത് ഉളളവർക്കും സ്വന്തമായി ഒരു ടൂറിസം കേന്ദ്രം ഉണ്ടാകും. അവധി ദിവസങ്ങൾ ആസ്വദിക്കാൻ ഏറെ പേർ എത്തുമെന്നാണ് പ്രതീക്ഷ. സർക്കാർ മേഖലയിൽ ഇതിന് ഫണ്ട് ചെലവിടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഏതെങ്കിലും സ്വകാര്യ സംരംഭകരെ കണ്ടെത്തണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *