പാമ്പ് കടിയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവം: വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന; നടപടി തുടര്‍ച്ചയായി പാമ്പുകളെ കണ്ടെത്തിയതോടെ


തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച് പരിശോധന. വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കാണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച് പരിശോധന. പാമ്പുപിടുത്തക്കാരും സ്ഥലത്തെത്തി. ബാത്ത്റൂമിന്റെ പൈപ്പിനകത്ത് കൂടെ പാമ്പ് കടക്കുന്നു എന്നാണ് സംശയം. ബാത്ത്റൂമിന് സമീപത്തെ തറയുടെ ഒരു ഭാഗം പൊളിച്ച് നീക്കി പരിശോധിക്കാനാണ് തീരുമാനം. ഇന്നലെയും വീട്ടില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. വീട്ടിലെ ശുചിമുറിയിൽ നിന്നാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. ഇതോടെ കോടാലിയിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ പാമ്പുകളുടെ എണ്ണം അഞ്ചായി.

കുട്ടികളെ കടിച്ച ശംഖുവരൻ ഇനത്തിൽപ്പെട്ട പാമ്പാണ് നേരത്തെ നാല് തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും സഹോദരൻ അവശനിലയിലാവുകയും ചെയ്തതിന് പിന്നാലെ കോടാലിയിലെ വീടിന് ചുറ്റും വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടിരുന്നു. ആൽജോയുടെ വീട്ടിൽ രണ്ടാമതും പാമ്പിനെ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു അത്. വീട്ടിൽ കൂടുതൽ പാമ്പിന്‍റെ കുഞ്ഞുങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് വീടിന് ചുറ്റും തീയിട്ടത്.

കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏൽക്കുന്നത്. അബോധാവസ്ഥയിൽ സഹോദരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെനാട്ടുകാർ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ ഇവരുടെ കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തിയത്.

അമ്മയ്ക്കൊപ്പം ആദ്യം കിടപ്പുമുറിയിൽ നിലത്തും പിന്നെ കട്ടിലിലും കുട്ടികൾ കിടന്നിരുന്നു. അന്നേ ദിവസം പുലർച്ചെ രണ്ടുമണിയോടെ ഇരുവർക്കും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടു. രാത്രി കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാകാം എന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത്. വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങിയതോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാമ്പുകടിയാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് അവിടുത്തെ ഡോക്ടറാണ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകൾക്കകം ആൽജോയ്ക്ക് ജീവൻ നഷ്ടമാവുകയായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *