ഏപ്രിൽ 10ന് ആയിരുന്നു ഈ വർഷത്തെ വിഷു റിലീസുകൾ തിയറ്ററുകളിൽ എത്തിയത്. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ് എന്നിവയാണ് ആ പടങ്ങൾ. മികച്ച പ്രതികരണങ്ങളാണ് മൂന്ന് സിനിമകൾക്കും തിയറ്ററുകളിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിൽ മത്സരം കാഴ്ചവയ്ക്കുന്നത് നസ്ലെൻ ചിത്രം ആലപ്പുഴ ജിംഖാനയും മമ്മൂട്ടിയുടെ ബസൂക്കയും ആണെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ട്രാക്കർന്മാരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ അവസരത്തിൽ ആലപ്പുഴ ജിംഖാനയുടെയും ബസൂക്കയുടെയും രണ്ടുദിന കളക്ഷനും രണ്ടാം ദിനം നേടിയ കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 2.1 കോടിയാണ് ബസൂക്കയുടെ രണ്ടാം ദിന കളക്ഷൻ. എന്നാൽ ആലപ്പുഴ ജിംഖാന ഇന്നലെ നേടിയിരിക്കുന്നത് 2.50 കോടിയാണ്. ഇത് റഫ് ഡാറ്റ ആണ്. പ്രാഥമികമായ കണക്കുകളാണിത്. വരും മണിക്കൂറിൽ ഈ കണക്കിൽ മാറ്റം വന്നേക്കാം.
മുകളിൽ പറഞ്ഞ കണക്കുകൾ പ്രകാരം ബസൂക്കയുടെ രണ്ട് ദിവസത്തെ കളക്ഷൻ 5.3 കോടിയാണ്. ഒന്നാം ദിനം 3.2 കോടിയാണ് മമ്മൂട്ടി പടം നേടിയതെന്നാണ് സാക്നിൽക് കണക്ക്. ആലപ്പുഴ ജിംഖാന 2.65 കോടിയായിരുന്നു റിലീസ് ദിവസം നേടിയത്. ഇതോടെ നസ്ലെൻ പടത്തിന്റെ രണ്ട് ദിവത്തെ കളക്ഷൻ 5.15 കോടിയാണ്. അതായത്, രണ്ട് ദിവസത്തെ ഇന്ത്യ നെറ്റ് കളക്ഷൻ വരുമ്പോൾ ബസൂക്കയെ കടത്തിവെട്ടിയിരിക്കുകയാണ് ആലപ്പുഴ ജിംഖാന. ഇരു ചിത്രങ്ങളുടെയും ആഗോള കളക്ഷൻ ഇനി വരേണ്ടിയിരിക്കുന്നു.
അതേസമയം, കഴിഞ്ഞ വർഷം പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് 100 കോടി ക്ലബ്ബിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ ആളാണ് നസ്ലെൻ. കേരളത്തിന് അകത്തും പുറത്തും സിനിമയിലൂടെ ശ്രദ്ധനേടിയ നസ്ലെന് ഈ വർഷവും മികച്ച് തുടക്കമാണ് ലഭിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ഇനി വരും ദിവസങ്ങളിൽ കളക്ഷനിൽ എന്തെല്ലാം മറിമായം സംഭവിക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.