അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തില് വെച്ചിരിക്കുകയാണ്. വൈകിട്ട് 4.30 ന് വീട്ടുവളപ്പിൽ വെച്ചാണ് സംസ്കാരം.
രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബിജെപി നേതാവ് എസ് സുരേഷ് എന്നിവർ അന്തിമോപചാരം അര്‍പ്പിച്ചു.
വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം സ്വദേശമായ പത്തനംതിട്ട പുല്ലാടേക്ക് എത്തിച്ചത്. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മൃതദേഹം ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.