നിപയിൽ ആശ്വാസം;രോഗലക്ഷണമുള്ള കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്


നിപയിൽ കേരളത്തിന് ആശ്വാസം. പാലക്കാട് രോഗലക്ഷണമുള്ള കുട്ടികളുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവായി. നിപ ബാധിച്ച യുവതിയുമായി പ്രാഥമിക സമ്പർക്ക പട്ടികിയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. തുടർപരിശോധനക്കായി ഇവരുടെ സാമ്പിൾ പൂനെയിൽ വൈറോളജി ലാബിലേക്ക് അയക്കും. രോഗലക്ഷണമുള്ളതിനാൽ നിലവിൽ കുട്ടികൾ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിൽ തുടരുകയാണ്.

അതേസമയം, നിപ ബാധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോർട്ടബിൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ യുവതിയെ മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്ക് എത്തിച്ചു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ആകെ 425 പേരാണ് സംസ്ഥാനത്ത് നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളത്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള നിപ സമ്പർക്ക പട്ടികയിൽ ഉള്ളവരെല്ലാം ആരോഗ്യപ്രവർത്തകരാണ്.


Leave a Reply

Your email address will not be published. Required fields are marked *