സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഒറ്റയടിക്ക് 760 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ സ്വർണവില മുക്കാൽ ലക്ഷം കഴിഞ്ഞു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 75040 രൂപയാണ്.
40 ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണ്ണവിലയിൽ വീണ്ടും റെക്കോർഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം 14ാം തീയതി ആയിരുന്നു ഏറ്റവും ഉയർന്ന വില. അതിനുശേഷം വില ഒമ്പതിനായിരത്തിൽ താഴോട്ടു പോകാതെ നിൽക്കുകയും പിന്നീട് തിരിച്ചു കയറുകയും ആണ് ചെയ്തത്.
ഏപ്രിൽ 22ന് അന്താരാഷ്ട്ര സ്വർണ്ണവില 3500 ഡോളർ എന്ന റെക്കോർഡിൽ എത്തിയപ്പോൾ രൂപയുടെ വിനിമയ നിരക്ക് 84.75 ലായിരുന്നതിനാൽ സ്വർണ്ണവില 9310 രൂപയിലായിരുന്നു. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81500 രൂപ നൽകേണ്ടിവരും.